ഫാ. എം. കെ. ജേക്കബ്: ഉത്തമനായ കാര്യസ്ഥന്‍ / ഫാ. ഏബ്രഹാം അഞ്ചേരി

fr_m_k_jacob

പുണ്യചരിതരായ ബിഷപ്പ് വാള്‍ഷ് ദമ്പതികള്‍ തടാകത്തില്‍ ജീവിച്ചിരുന്ന കാലം. ആശ്രമം ധാരാളം അംഗങ്ങളാല്‍ ധന്യമായിരുന്നു. വിവിധ പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ ചെയ്തിരുന്നു. മലങ്കരസഭയില്‍ നിന്നു മിഷന്‍ താല്പര്യമുള്ള ചെറുപ്പക്കാര്‍ അക്കാലത്തു തടാകത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.
അന്ന് ആശ്രമാംഗമായിരുന്ന ഞാനും കേരളത്തിലുള്ള സ്കൂളുകളും ഹോസ്റ്റലുകളും കൂട്ടായ്മകളും സന്ദര്‍ശിച്ചിരുന്നു. നടുക്കോട്ടില്‍ കുഞ്ഞച്ചന്‍ (ഫാ. സി. സി. കോര) പുതുപ്പള്ളിക്കാരനായിരുന്നതിനാല്‍ പുതുപ്പള്ളി, വാകത്താനം പ്രദേശങ്ങളില്‍ നിന്നും ധാരാളം ചെറുപ്പക്കാര്‍ മിഷന്‍ താല്പര്യമുള്ളവരായി തടാകം ആശ്രമത്തില്‍ എത്തി. എം. എ. കോര, കെ. വി. തോമസ്, സി. സി. കോര, എം. കെ. ജേക്കബ്, റ്റി. സി. ചാക്കോ മുതലായവര്‍ എന്നോടൊപ്പം ഈ സംഘത്തില്‍ ഉള്‍പ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. മേല്‍പ്പറഞ്ഞ പലരും വിവിധ കാരണങ്ങളാല്‍ ആശ്രമത്തോടു വിടപറഞ്ഞു എങ്കിലും ഇക്കൂട്ടത്തില്‍ മരണംകൊണ്ടു മാത്രം ആശ്രമം വിട്ട ഏക വ്യക്തി പിന്നീടു വൈദികനായി അന്തരിച്ച ഫാ. എം. കെ. ജേക്കബ് ആണ്.
തൃക്കോതമംഗലം മാതകശേരി കുടുംബാംഗമായ തങ്കച്ചന്‍ (എം. കെ. ജേക്കബ്) ചെറുപ്പം മുതലേ ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്നു. അന്ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളി അംഗമായിരുന്ന താന്‍ സണ്ടേസ്കൂള്‍ പഠനം പൂര്‍ത്തീകരിച്ചശേഷം സണ്ടേസ്കൂള്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വന്നു. തന്നിലെ അടക്കാനാവാത്ത ആത്മീയാവേശം കൂടുതല്‍ അന്വേഷണത്തിനു കാരണമായി. നടുക്കോട്ടില്‍ ഫാ. സി. സി. കോര നാട്ടിലെത്തുന്ന വേളകളില്‍ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച, തന്നിലെ ആത്മീയദാഹം വര്‍ദ്ധിപ്പിച്ചു. ക്രിസ്തീയ മിഷന്‍ വേലയിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. ഇതൊരു വഴിത്തിരിവായിരുന്നു. സണ്ടേസ്കൂള്‍ അദ്ധ്യാപനത്തിനു പുറമെ അനേകം ആത്മീയ മക്കളുമായി കണ്ടുമുട്ടുകയും മിഷന്‍ വേലയില്‍ തനിക്കുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുവന്നു. ഈ കാലയളവിലാണു ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത്. ഞാനും ഒരു സണ്ടേസ്കൂള്‍ പ്രവര്‍ത്തകനായിരുന്നതിനാല്‍ സണ്ടേസ്കൂള്‍ അദ്ധ്യാപക സംയുക്ത യോഗങ്ങളില്‍ ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെടുകയും ഭാരതത്തിന്‍റെ മിഷന്‍ വേലയെപ്പറ്റി സംസാരിക്കയും ചെയ്യുക പതിവായിരുന്നു. ഞങ്ങള്‍ ഇരുവരും ഇന്‍റര്‍മീഡിയറ്റിനു പഠിക്കുന്ന കാലമായിരുന്നതിനാല്‍ ആ വശത്തുകൂടിയും ബന്ധം പുലര്‍ത്തിയിരുന്നു. തങ്കച്ചന്‍ സി.എം.എസ്. കോളജിലും ഞാന്‍ എസ്.ബി. കോളജിലുമായിരുന്നു എങ്കിലും കൂടിക്കാഴ്ച തുടര്‍ന്നുകൊണ്ടിരുന്നു.
ഈ കാലയളവില്‍ മിഷന്‍ താല്‍പര്യമുള്ളവരെ ഉദ്ദേശിച്ചു കൊല്ലാട് കൊച്ചീമൂലയിലച്ചന്‍റെ സ്കൂളില്‍ നടത്തിയ ഒരു കൂട്ടായ്മയില്‍ ഞങ്ങള്‍ ഇരുവരും സംബന്ധിച്ചു. അവിടെനിന്നു കിട്ടിയ ഉത്തേജനം മിഷനറി വേലയ്ക്കുവേണ്ടി പൂര്‍ണ്ണമായി പ്രതിഷ്ഠിക്കുന്നതിനു സാധിച്ചു. പിന്നീടുള്ള പഠനവും പ്രാര്‍ത്ഥനയും വിദേശമിഷനുവേണ്ടി പോകണമെന്ന ലക്ഷ്യത്തിലായിരുന്നു. ഇന്‍റര്‍മീഡിയറ്റു പാസ്സായശേഷം തുടര്‍ന്നു പഠിക്കുന്നതിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് വീട്ടുകാരെ ബാധിക്കുമെന്നും, വിദേശമിഷനിലേക്കു പോകുമെന്നുള്ളതിനാല്‍ സ്വന്തം വീട്ടുകാരെ പിന്നെ സഹായിക്കാന്‍ സാധിക്കയില്ലെന്നും ബോദ്ധ്യമായപ്പോള്‍ തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ചു. സഭയുടെ ഏക ബാഹ്യകേരള മിഷന്‍റെ സ്ഥാപനമായ തടാകം ആശ്രമത്തില്‍ 1953-ല്‍ തങ്കച്ചന്‍ എത്തിച്ചേര്‍ന്നു. പുതുപ്പള്ളിക്കാരായ നടുക്കോട്ടില്‍ കുഞ്ഞച്ചനും മണപ്പുറത്ത് എം. എ. കോരയും കാട്ടാമ്പാക്കല്‍ കെ. വി. തോമസും അന്ന് ആശ്രമാംഗങ്ങളായിട്ടുണ്ടായിരുന്നു.
തടാകത്തില്‍
സി.എം.എസ്. കോളജില്‍ നിന്നു ഇന്‍റര്‍മീഡിയറ്റ് പാസ്സായി അധികം താമസിയാതെ ജേക്കബ് തടാകം ആശ്രമത്തിലെത്തി. പുസ്തകവായനയില്‍ തല്പരനായിരുന്ന താന്‍ ആശ്രമത്തിന്‍റെ ധന്യമായ ലൈബ്രറിയില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. പഠനത്തിലും സേവനത്തിലും കാണിച്ച ഉത്സാഹം ആശ്രമാംഗങ്ങളില്‍ താല്‍പര്യം ജനിപ്പിക്കുകയും 1954-ല്‍ ബി.ഡി. ക്കു പഠിക്കുന്നതിനായി സെറാമ്പൂരിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തു. ബി.ഡി. ബിരുദം നേടി മടങ്ങി ആശ്രമത്തില്‍ വന്നു പതിവുപോലെ ആശ്രമസേവനരംഗത്തു പ്രവര്‍ത്തിച്ചു. ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും ധാരാളം സ്നേഹിതന്മാരെ സമ്പാദിക്കുകയും ചെയ്യുകവഴി വലിയ ഒരു സുഹൃത്സമൂഹത്തെ നേടാന്‍ തനിക്കു കഴിഞ്ഞു. പല മതസ്ഥരായ ഗ്രാമവാസികളുമായി ഇടപഴകിയതിനാല്‍ മതങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നു തോന്നി. തല്‍ഫലമായി ജബല്‍പൂര്‍ ലിയനഡ് തിയോളജിക്കല്‍ കോളജില്‍ പോയി മതങ്ങളെപ്പറ്റി പഠിക്കുകയും എം. ആര്‍.എസ്. ബിരുദം സമ്പാദിക്കയും ചെയ്തു.
ഇതിനകം ആശ്രമത്തില്‍ പുതുപ്പള്ളിയില്‍ നിന്നും പരിസരഭാഗങ്ങളില്‍ നിന്നും ഈ ലേഖകന്‍ ഉള്‍പ്പെടെ ദൈവദര്‍ശനമുള്ള ഒട്ടധികംപേര്‍ ചേര്‍ന്നിരുന്നു. ആചാര്യ ഫാ. കെ. സി. വറുഗീസും, ഫാ. സി. സി. കോരയും വൈദികരായി നേതൃത്വം നല്‍കി.
തെങ്കര ശാഖ
ആശ്രമ സമൂഹത്തില്‍ അംഗസംഖ്യ കൂടിയപ്പോള്‍ പ്രവര്‍ത്തനമേഖല വിപുലമാക്കേണ്ടത് ആവശ്യമായി വന്നു. മലബാര്‍ പ്രദേശത്തെ അട്ടപ്പാടി, തെങ്കര, വദനപ്പടി, കുലിക്കര്‍ എന്നിവിടെയെല്ലാം മിഷന്‍ വേലയ്ക്കുവേണ്ടി പത്തും ഇരുപതും ഏക്കര്‍ സ്ഥലം സമ്പാദിച്ചിരുന്നു. തെങ്കരയില്‍ ധാരാളംപേര്‍ കടന്നുവന്ന് പ്രവര്‍ത്തിച്ചു. പല കാരണങ്ങളാല്‍ ആദ്യകാല പ്രവര്‍ത്തകര്‍ വിട്ടുപോയ സ്ഥാനത്തു കെട്ടിടങ്ങള്‍ മാത്രം ശേഷിച്ചിരിക്കുന്നു. ആശ്രമത്തില്‍ അംഗസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ സി. സി. കോര, എം. എ. കോര എന്നിവരെ ഒരു ടീമായി തെങ്കരയിലേക്കു മാറ്റി. ശേഷിച്ചവര്‍ തടാകം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വന്നു.
ഗ്രാമീണ പ്രവര്‍ത്തനങ്ങള്‍
പതിമൂന്നു ഗ്രാമങ്ങളുടെ കേന്ദ്രത്തിലാണ് തടാകം ആശ്രമം നിലകൊള്ളുന്നത്. ഒരു പറ്റം തെങ്കരയില്‍ വേല തുടങ്ങിയപ്പോള്‍ എം. കെ. ജേക്കബ്, കെ. വി. തോമസ്, കെ. ഐ. ഏബ്രഹാം എന്നിവര്‍ തടാകവയലില്‍ വേല തുടര്‍ന്നു. ദിവസവും നാലു മണിക്കു ശേഷം ഗ്രാമസന്ദര്‍ശനം നടത്തും. തല്‍ഫലമായി ധാരാളം സ്നേഹിതന്മാരെ നേടുന്നതിനു സാധിച്ചു. ഗ്രാമീണ കുട്ടികള്‍ക്കു കഥകള്‍ പറഞ്ഞു കൊടുക്കാനും, ഡ്രില്‍ പഠിപ്പിക്കാനും എം. കെ. ജേക്കബിന് പ്രത്യേക കഴിവുണ്ടായിരുന്നു. യുവസ്നേഹിതന്മാരെ നേടിയെടുക്കുന്നതിന് കെ. വി. തോമസിനുണ്ടായിരുന്ന പാടവം ഒന്നുവേറെ തന്നെയായിരുന്നു.


കൂട്ടായ പ്രവര്‍ത്തനം മൂലം ധാരാളം ചെറുപ്പക്കാര്‍ ആശ്രമവുമായി സജീവബന്ധം പുലര്‍ത്തി വന്നു. ഗ്രാമങ്ങളില്‍ അവര്‍ക്കുവേണ്ടി ക്ലാസ്സുകള്‍ എടുക്കുകയും പഠിപ്പിക്കുകയും ചെയ്തുവന്നു. ഇതു മൂലം യുവാക്കന്മാരില്‍ വലിയ ഉത്സാഹം പകര്‍ന്നുകൊടുക്കുന്നതിന് സാധിച്ചു. മിഷന്‍ പ്രവര്‍ത്തനം പുരോഗമിച്ചു വരവേ കെ. വി. തോമസ് വൈദിക പഠനത്തിനായി കോട്ടയത്തേക്കും കെ. ഐ. ഏബ്രഹാം ജബല്‍പൂരിലേക്കും പോയി. ആ സമയം എം. കെ. ജേക്കബ് തന്നെ എല്ലാ വേലകളുടെയും ചുക്കാന്‍ പിടിക്കുവാന്‍ നിര്‍ബന്ധിതനായി. ബാഹ്യമായ പ്രവര്‍ത്തനം കുറഞ്ഞു. ആശ്രമഗൃഹകാര്യത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ജേക്കബ് പ്രവര്‍ത്തിച്ചു. അല്പം ആസ്മാ ഉണ്ടായിരുന്നതിനാല്‍ പ്രതീക്ഷിച്ചതുപോലെ വേലയില്‍ പുരോഗതി ഉണ്ടായില്ല. എങ്കിലും ജേക്കബിന്‍റെ മിഷന്‍ താല്‍പര്യം തളരാതെ തുടര്‍ന്നു. കൂട്ടുവേലക്കാരുടെ പിന്‍ബലം കുറഞ്ഞപ്പോള്‍ ഏകനായി വേലകളെല്ലാം തുടരുവാനും സാധിച്ചില്ല.
വൈദിക പദവി
വൈദിക പദവിയെപ്പറ്റി പ്രത്യേക ധാരണ ജേക്കബിനുണ്ടായിരുന്നു. ആശ്രമസമൂഹത്തില്‍ ഫാ. കെ. സി. വറുഗീസും, ഫാ. സി. സി. കോരയും നേരത്തെ വൈദികരായിട്ടുണ്ടായിരുന്നു. ആശ്രമസമൂഹത്തില്‍ മുടങ്ങാതെ വി. കുര്‍ബ്ബാന നടന്നിരുന്നു. രണ്ടു വൈദികരുള്ളപ്പോള്‍ മൂന്നാമതൊരാള്‍ വൈദികനായിരിക്കേണ്ട ആവശ്യമില്ലെന്നും, ആവശ്യം വന്നാല്‍ ആ സ്ഥാനം ഏല്‍ക്കണം എന്നല്ലാതെ പട്ടത്വം ഒരു ദൈവവിളിയായി കാണേണ്ടതില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഈ ധാരണയുടെ പിന്നില്‍ ഒളിഞ്ഞുകിടന്ന രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്.
1. വൈദികനുണ്ടായിരിക്കേണ്ട ഇമ്പകരമായ സ്വരം അദ്ദേഹത്തിനില്ലായിരുന്നു.
2. വി. കുര്‍ബ്ബാനയിലെയോ, മറ്റു കര്‍മ്മാദികളിലെയോ ക്രിയകളും നടപടിക്രമങ്ങളും തെറ്റുകൂടാതെ ചെയ്യുവാനുള്ള ആത്മധൈര്യം അദ്ദേഹത്തിനു തീരെ കുറവായിരുന്നു.
3. എവിടെ എങ്കിലും തെറ്റിയാല്‍ സാന്നിദ്ധ്യബോധം നഷ്ടപ്പെടുകയും അവസാനം വരെ തെറ്റിപ്പോകയും ചെയ്യും.
വി. കുര്‍ബ്ബാനയില്‍ ശുശ്രൂഷകനായി വര്‍ത്തിച്ചപ്പോഴൊക്കെയും ഈ കുറവുകള്‍ കണ്ടിരുന്നു. അത് വൈദികവൃത്തിയിലും ഉടനീളം ഉണ്ടായിരുന്നു. ആകയാല്‍ പട്ടം ഏല്‍ക്കാതെ അറച്ചുനിന്നു.
ആചാര്യയുടെയും ഫാ. സി. സി. കോരയുടെയും അസാന്നിധ്യം ആശ്രമത്തില്‍ നേരിട്ടപ്പോള്‍ വൈദികനാകുന്നതിന് നിര്‍ബന്ധിതനായി. ആയതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ആ കഴിവ് ആര്‍ജ്ജിക്കുന്നതിനായി കാത്തിരിക്കയും ചെയ്തു. വളരെ താമസിച്ചാണെങ്കിലും ആശ്രമത്തിനുവേണ്ടി വൈദികനായി. ആശ്രമചാപ്പലില്‍ തുടര്‍ച്ചയായി വി. കുര്‍ബ്ബാന അര്‍പ്പിച്ചു വന്നു. ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയും പരിശ്രമവും മൂലം മേല്പറഞ്ഞ കുറവുകള്‍ പരിഹൃതമായി.
കര്‍മ്മയോഗി
തടാകം ആശ്രമ ഭരണഘടന വിവാഹിതരുടെ ആശ്രമമായി പ്രവര്‍ത്തിക്കാനായി രൂപപ്പെടുത്തിയതാണ്. അതിന് ഇന്നും മാറ്റം വരുത്തിയിട്ടില്ല. അവിവാഹിതര്‍ക്കും അവിടെ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ രണ്ടു വഴികളില്‍ ബ്രഹ്മചര്യവും സന്യാസവുമാണ് താന്‍ തെരഞ്ഞെടുത്തത്. ബ്രഹ്മചാരിയായ അന്നു മുതല്‍ കാവിവേഷം അംഗീകരിച്ചു. പട്ടക്കാരനായപ്പോഴും കാവിവേഷം തുടര്‍ന്നിരുന്നു. തന്നിമിത്തം സന്യാസത്തിന്‍റെ സന്തോഷത്തിലേക്ക് ജേക്കബച്ചന്‍ കടന്നിരുന്നു. ആസ്മയുടെ അസ്വസ്ഥതകള്‍ തന്‍റെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. സന്യാസിയായിരുന്നെങ്കിലും കുടുംബാംഗങ്ങളെ സ്നേഹിക്കയും അവസരം ലഭിക്കുമ്പോള്‍ കുടുംബക്കാരോടു കൂടെ താമസിക്കയും ചെയ്യുന്നത് തനിക്ക് സന്തോഷമായിരുന്നു.
ആചാര്യ
ആശ്രമത്തിന്‍റെ ആരംഭം മുതല്‍ ഫാ. കെ. സി. വറുഗീസ് ആചാര്യ ആയിരുന്നു. ആ സ്ഥാനത്തിന് അതിനെക്കാള്‍ മികച്ച ഒരാള്‍ ഇല്ലായിരുന്നു താനും. ഫാ. വറുഗീസിന്‍റെ നിര്യാണത്തോടെ ആ സ്ഥാപനത്തിന് വലിയ ഒരു വിടവ് ഉണ്ടായി. ഫാ. ജേക്കബ് അല്ലാതെ ആചാര്യ സ്ഥാനത്തിന് അര്‍ഹനായി മറ്റാരും ഉണ്ടായിരുന്നില്ല. ആചാര്യ എന്ന നിലയില്‍ ആശ്രമ ഭരണം, ആത്മീയം, ധ്യാനം, സുഹൃദ്ബന്ധം, ഗ്രാമസന്ദര്‍ശനം, ഔദ്യോഗിക ഇടപാടുകള്‍, കൃഷി, സാമ്പത്തികം ഇവയെല്ലാം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നു. സഭയോടും, ഗ്രാമവാസികളോടും സജീവ ബന്ധവും പുലര്‍ത്തിയിരുന്നു.
ആശുപത്രി, നഴ്സറി സ്കൂള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഉടലെടുത്തപ്പോള്‍ വിധേയത്വം ആശ്രമത്തോടായിരിക്കണമെന്നും സ്ഥാപനങ്ങള്‍ ആശ്രമത്തിന്‍റെ ലക്ഷ്യത്തെ ബാധിക്കരുതെന്നും തനിക്ക് വളരെ നിര്‍ബന്ധമുണ്ടായിരുന്നു. ഈ കാര്യത്തില്‍ ആചാര്യ ഫാ. ജേക്കബിനു, ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളുടെയിടയില്‍ നിന്ന് ഭിന്നമായ നിലപാടാണുണ്ടായിരുന്നത്. ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചു വന്നു. അതേസമയം ആശ്രമത്തിന്‍റെ മൂല്യങ്ങളെ അദ്ദേഹം മുറുകെ പിടിച്ചിരുന്നു.
അന്ത്യനാളുകള്‍
ഏതാണ്ട് 40 വര്‍ഷം സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ ആശ്രമാംഗമായി ജീവിച്ച് ദൈവനാമം മഹത്വപ്പെടുത്തി. ആചാര്യ ആയിരിക്കെ തന്നെ പിന്‍ഗാമിയായി ആശ്രമാംഗമായ കെ. വി. ചാക്കോയെ വൈദിക സ്ഥാനത്തേക്ക് ഉയര്‍ത്തി. പെട്ടെന്നായിരുന്നു തന്‍റെ അന്ത്യം വന്നുചേര്‍ന്നത്. ആസ്മായുടെ പിടിയിലമര്‍ന്ന താന്‍ 1992 ഓഗസ്റ്റ് 10-നു രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നില്‍ക്കുകയും ചെയ്കയാല്‍ 62-ാം വയസ്സില്‍ സ്വര്‍ഗ്ഗസ്ഥ പിതാവ് തനിക്കായി ഒരുക്കിയിരിക്കുന്ന നിത്യഭവനത്തിലേക്ക് യാത്രയായി.
ഒരു സമുന്നത ആശ്രമസ്ഥനെന്ന നിലയില്‍ പ്രതിഷ്ഠിക്കപ്പെട്ട അദ്ദേഹം സഭയോടുള്ള കൂറ് പുലര്‍ത്തിക്കൊണ്ടും ആശ്രമം സംബന്ധിച്ച കടമകള്‍ നിര്‍വ്വഹിച്ചുകൊണ്ടും തന്‍റെ ധന്യജീവിതം നയിച്ചു. യോഗിവര്യന്‍, സന്യാസി, പുരോഹിതന്‍, ആചാര്യ, നല്ലവനും വിശ്വസ്തനുമായ സ്നേഹിതന്‍ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച് കടന്നുപോയ ഉത്തമനായ കാര്യവിചാരകനായിരുന്നു ജേക്കബച്ചന്‍.
അദ്ദേഹത്തിന്‍റെ ശാശ്വത സ്മരണ നിലനിര്‍ത്താന്‍ ആശ്രമത്തില്‍ ഒരു അതിഥിമന്ദിരം നിര്‍മ്മിച്ചത് എന്തുകൊണ്ടും അഭിനന്ദനീയമായ ഒരു സംഗതിയാണ്.
(പന്തീരാണ്ടുകാലം (1956-1968) എം. കെ. ജേക്കബച്ചനോടൊപ്പം തടാകം ആശ്രമത്തില്‍ ജീവിച്ചു പ്രവര്‍ത്തിച്ച ഫാ. ഏബ്രഹാം അഞ്ചേരിയുടെ ഓര്‍മ്മക്കുറിപ്പുകളാണിത്. തടാകം ആശ്രമം അറുപതാം ജൂബിലി സുവനീറില്‍ നിന്നും.)

Leave a Reply

Your email address will not be published. Required fields are marked *