ചെറിയമഠത്തില്‍ സി. ജെ. സ്കറിയാ മല്പാന്‍

1894 ജൂണ്‍ 24-ന് ചെറിയമഠത്തില്‍ വലിയ യാക്കോബ് കത്തനാരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന് സുറിയാനിയും വേദശാസ്ത്രവും അഭ്യസിച്ച്, അദ്ദേഹത്തില്‍ നിന്നു തന്നെ 1914-ല്‍ ശെമ്മാശുപട്ടവും, 1919-ല്‍ വൈദികപട്ടവും പ്രാപിച്ചു. വട്ടശ്ശേരില്‍ തിരുമേനിയുടെ സെക്രട്ടറിയും വിശ്വസ്തനുമായിരുന്നതിനാല്‍ സഭയുടെ നിര്‍ണ്ണായകമായ ഒരു ചരിത്രഘട്ടത്തിന്‍റെ മുഴുവന്‍ കുതിപ്പും കിതപ്പും അറിഞ്ഞു വളര്‍ന്നു. 1923-ല്‍ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം സമാധാനാലോചനയ്ക്ക് മര്‍ദ്ദീനില്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസിനെ കാണാന്‍ പോയി. അന്നത്തെ കാലത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടിയിട്ട്, സെറാമ്പൂര്‍ കോളജില്‍ വേദശാസ്ത്രപഠനവും നിര്‍വ്വഹിച്ചു. 1930-കളിലെ പ്രത്യേക സാഹചര്യത്തില്‍ മാങ്ങാനം മാര്‍ പക്കോമിയോസ് ദയറായില്‍ (എബനേസര്‍ പള്ളി) വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായ നിലയില്‍ പരിശീലനം നല്‍കി. പിന്നീട് 1933 മുതല്‍ 36 വരെ എം.ഡി. യിലും, 1937 മുതല്‍ 1939 വരെ പഴയസെമിനാരിയിലും പഠിപ്പിച്ചു. 1934-ല്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായോടൊപ്പം സമാധാനാലോചനയ്ക്ക് ഹോംസില്‍ അപ്രേം പാത്രിയര്‍ക്കീസിനെ കാണാന്‍ പോയി. 1943 മുതല്‍ 48 വരെ വീണ്ടും എം.ഡി. യില്‍  സെമിനാരിയുടെ ചുമതലക്കാരനായിരുന്നു (ഒരു ഇടവേളയോടെ). സെമിനാരിയിലെ അദ്ധ്യാപനത്തോടൊപ്പമോ, അല്ലാതെയോ, ഓരോരോ കാലഘട്ടം അദ്ദേഹം സ്തുത്യര്‍ഹമായ ഇടവക ശുശ്രൂഷ നിര്‍വ്വഹിച്ചു. മാങ്ങാനം എബനേസര്‍, കുമരകം സെന്‍റ് ജോണ്‍സ് പുത്തന്‍പള്ളി, മദ്രാസ് സെന്‍റ് തോമസ്, തിരുവനന്തപുരം സെന്‍റ് ജോര്‍ജ്, മാതൃദേവാലയമായ വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് എന്നിവിടങ്ങളില്‍ വികാരിയായി സേവനം നടത്തി. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ “യറുശലേം യാത്ര”, കുമ്പസാരസഹായി, കാതോലിക്കാ ദിനപ്പിരിവിന്‍റെ സുവനീര്‍ ലേഖനം എന്നിവയിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 1952 മെയ് 11-ന് തിരുവനന്തപുരത്തു വച്ച് നിര്യാതനായി, അടുത്ത ദിവസം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ കബറടക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *