ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

1042-ാമാണ്ട് ഇടവമാസം കോട്ടയത്ത് വലിയപള്ളിയില്‍ ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചന്‍ മരിച്ചു. ഇദ്ദേഹം 80-ല്‍ ചില്വാനം വയസ്സു വരെ ജീവിച്ചിരുന്നു. ഇതിനിടയില്‍ ചെയ്തിരിക്കുന്ന വിസ്മയങ്ങളും ഉണ്ടാക്കിയിരിക്കുന്ന പുസ്തകങ്ങളും ആയതിലെ യുക്തികളും മറ്റു പല സംഗതികളും ഓര്‍ത്തു നോക്കുമ്പോള്‍ ഇതുപോലെ ബോധമുള്ള മനുഷ്യന്‍ ജനിക്കയില്ല എന്ന് നിരൂപിക്കാം. എങ്കിലും എല്ലാവന്‍റെയും സ്രഷ്ടാവ് ദൈവമാകയാല്‍ അവിടത്തേക്ക് ഇവ ഒന്നും പ്രയാസമില്ല എന്നും ഉറയ്ക്കാം. ഇദ്ദേഹത്തെ ഈ രാജ്യത്തു തന്നെയല്ല എഴുത്തു മുഖാന്തിരത്താല്‍ അന്ത്യോഖ്യാ9 മുതലായ സ്ഥലങ്ങളിലും സമ്മതിച്ചിരിക്കുന്നതു തന്നെയല്ല ഇംഗ്ലണ്ടില്‍ നിന്ന് പല തര്‍ക്ക ചോദ്യങ്ങള്‍ എഴുതി വന്നതിനാല്‍ ആയതിനൊക്കെയും മതിയായ യുക്തിയോടും സാക്ഷിയോടും കൂടി ആ വക തര്‍ക്ക ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാറെ ഈ ദേശത്ത് പാര്‍ത്തുവരുന്ന വെള്ളക്കാരും അവിടെയുള്ള വെള്ളക്കാരും സമ്മതിച്ചിരിക്കുന്നു. പല പുസ്തകങ്ങളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ആയതില്‍ വെന്തിങ്ങാ പുസ്തകമെന്ന് നാമധേയമായി ഒരു ചോദ്യോത്തര പുസ്തകമുണ്ടാക്കിയത് വെള്ളക്കാര്‍ കണ്ടാറെ ഇനാം കൊടുത്തു വാങ്ങി ധര്‍മ്മമായി അച്ചടിച്ച് പ്രസിദ്ധം ചെയ്തു. ആയതില്‍ വെന്തിങ്ങാ ഇടുന്നതിനെക്കൊണ്ടുള്ള തര്‍ക്കവും രൂപം വെയ്ക്കുന്നതിനെ കൊണ്ടും ബസ്പുര്‍ക്കാന എന്നു പറയുന്നതിനെ കൊണ്ടും റോമാ പാപ്പായുടെ പറ്റില്‍ മോക്ഷത്തിന്‍റെയും നരകത്തിന്‍റെയും താക്കോല്‍ ഉണ്ടെന്ന് പറഞ്ഞുവരുന്നതിനെയും കൊണ്ടുള്ള തര്‍ക്കങ്ങളാകുന്നു. ഇതു കൂടാതെയുള്ള പുസ്തകങ്ങള്‍ ഇദ്ദേഹം ഗതിക്ഷയക്കാരനാക കൊണ്ട് സഹായിപ്പാനാളില്ലാതെ വന്നതിനാല്‍ അച്ചടിച്ച് പ്രസിദ്ധം ചെയ്യുന്നതിന് ഇട വന്നില്ല. ഇദ്ദേഹം മരിക്കുന്ന സമയം മക്കളില്‍ ഒരു കത്തനാരച്ചനും10 ഒരു ശെമ്മാശനുമുണ്ട്. ഇവര്‍ പഠിത്തമുള്ളവരാകുന്നുവെങ്കിലും ഇതുപോലെയുള്ള യുക്തികള്‍ ഉണ്ടാകുന്നതല്ലായെന്ന് എല്ലാ ജനവും പ്രസിദ്ധമായി പറഞ്ഞുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *