ഗീവറുഗ്ഗീസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (പ. പരുമല തിരുമേനി, 1848–1902)

Dicruse PictureSt_Gregorios_parumala

മുളന്തുരുത്തി പള്ളത്തിട്ട ചാത്തുരുത്തില്‍ കൊച്ചുമത്തായി –മറിയ ദമ്പതികളുടെ മകന്‍. ജനനം 15–6–1848. ആശാന്‍ ഓണക്കാവില്‍ അയ്യാ, മാണി എന്നിവരില്‍ നിന്നും പിതൃവ്യന്‍ പള്ളത്തിട്ട ഗീവറുഗ്ഗീസ്‌ മല്‌പാനില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും സുറിയാനി ഭാഷാജ്ഞാനവും നേടി. കൊച്ചയ്‌പോരാ എന്നായിരുന്നു പേര്‍. 1857–ല്‍ സ്ലീബാപെരുന്നാളിന്‌ കരിങ്ങാശ്ര പള്ളിയില്‍ വച്ച്‌ പാലക്കുന്നത്ത്‌ മാത്യൂസ്‌ അത്താനാസ്യോസില്‍ നിന്ന്‌ കോറൂയോ സ്ഥാനം സ്വീകരിച്ചു. കോനാട്ട്‌ യോഹന്നാന്‍ മല്‌പാന്‍, യൂയാക്കീം കൂറിലോസ്‌ എന്നിവരില്‍ നിന്ന്‌ ഉപരിവിദ്യ നേടി. 1861–ല്‍ ശെമ്മാശുസ്ഥാനവും 1865–ല്‍ കശ്ശീശാ–കോറി സ്ഥാനങ്ങളും യൂയാക്കീം കൂറിലോസ്‌ നല്‍കി. 1872 ഏപ്രില്‍ 7–ന്‌ ഗുരുവായ പുലിക്കോട്ടില്‍ ജോസഫ്‌ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ മുളന്തുരുത്തിയില്‍ വച്ച്‌ റമ്പാന്‍ സ്ഥാനം നല്‍കി താന്‍ സ്ഥാപിച്ച വെട്ടിക്കല്‍ ദയറായുടെ അധിപനായി നിയമിച്ചു. 1875–ല്‍ വന്ന പത്രോസ്‌ തൃതീയന്‍ പരുമല സെമിനാരി മല്‌പാനായ റമ്പാനെ ദ്വിഭാഷിയാക്കി. 10–12–1876 ന്‌ വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച്‌ ഗ്രീഗോറിയോസ്‌ എന്ന പേരില്‍ മെത്രാപ്പോലീത്താ ആക്കി നിരണത്തിന്റെ ചുമതല നല്‌കി. മലങ്കര മെത്രാന്റെ വിശ്വസ്‌ത അനുയായി ആയി പരുമലയില്‍ താമസിച്ചു. പരുമല അസോസ്യേഷന്‍, മുളന്തുരുത്തി സുന്നഹദോസ്‌, മൂറോന്‍ കൂദാശ, മെത്രാന്‍ വാഴ്‌ച എന്നിവയില്‍ പങ്കെടുത്തു. സന്ദിഗ്‌ദാവസ്ഥയില്‍, ശേഷം മെത്രാത്താരെ മലങ്കര മെത്രാന്റെ കീഴില്‍ അണിനിരത്തി. സിലോണില്‍ വച്ച്‌ 1892 ഇടവം 14–ന്‌ റിനി വിലാത്തി തീമോത്തിയോസിനെ മെത്രാനാക്കുന്നതില്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഇംഗ്ലീഷ്‌ സ്‌കൂളുകള്‍ സ്ഥാപിച്ചു. 1902 നവംബര്‍ 2–ന്‌ 54–ാം വയസ്സില്‍ കൊച്ചുതിരുമേനി കാലം ചെയ്‌തു. പരുമലയില്‍ കബറടക്കി. 1896 മകരത്തില്‍ നടത്തിയ വിശുദ്ധനാട്‌ സന്ദര്‍ശനത്തെപ്പറ്റി ഊര്‍ശ്ലേം യാത്രാവിവരണം എന്ന യാത്രാവിവരണ ഗ്രന്ഥമെഴുതി. മലയാള ഭായിലെ ലക്ഷണമൊത്ത പ്രഥമ യാത്രാവിവരണ ഗ്രന്ഥമാണിത്‌. 1947 നവം. 2–ന്‌ അദ്ദേഹത്തെ പരിശുദ്ധനായി സിനഡ്‌ പ്രഖ്യാപിച്ചു. ലോകമെങ്ങും അദ്ദേഹത്തിന്റെ നാമത്തില്‍ പള്ളികള്‍ വര്‍ദ്ധിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *