ഡോ. പൌലോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ (1922–1996)

24

തൃപ്പൂണിത്തുറ തടിയ്ക്കല്‍ പൈലി–ഏലി ദമ്പതികളുടെ പുത്രന്‍. ജനനം 9–8–1922. ഇന്‍ഡ്യാനയില്‍ നിന്ന്‌ ബി. എ., ഓക്‌ലോമ–ലിസ്റ്റല്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ച്‌ എം. ഡിവും യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ എസ്‌. റ്റി. എം. ബിരുദവും നേടി. ഓക്‌സ്‌ഫോര്‍ഡ്‌, ജര്‍മ്മനിയിലെ ഗ്രിഗറി ഓഫ്‌ നിസ്സാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയില്‍ ഗവേഷണം. സെറാമ്പൂരില്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌. റഷ്യയിലെ ലെനിന്‍ഗ്രാഡ്‌ തിയോളജിക്കല്‍ അക്കാഡമി, ഹംഗറിയിലെ ബുഡാപ്പസ്റ്റ്‌ ലൂതറന്‍ തിയോളജിക്കല്‍ അക്കാഡമി, ചെക്കോസ്ലോവാക്യയിലെ ജാന്‍ഹസ്‌ ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍ നിന്ന്‌ ഓണററി ഡോക്‌ടറേറ്റ്‌.
1959 ജനുവരിയില്‍ ശെമ്മാശനായി. 2–11–62 ന്‌ ഗീവറുഗ്ഗീസ്‌ ദ്വിതീയന്‍ കശ്ശീശാപട്ടം നല്‍കി. 1975 ഫെബ്രു. 16–ന്‌ നിരണത്തു വച്ച്‌ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ഇദ്ദേഹത്തെ ഗ്രീഗോറിയോസ്‌ എന്ന പേരില്‍ മെത്രാപ്പോലീത്താ ആയി വാഴിച്ചു ഡല്‍ഹിയുടെ ചുമതല നല്‌കി.
പി. ആന്‍ഡ്‌ റ്റി. തിരു–കൊച്ചി യൂണിയന്‍ അസോസ്യേറ്റ്‌ സെക്രട്ടറി, വിദ്യാര്‍ത്ഥി പ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ആലുവാ ഫെലോഷിപ്പ്‌ ഹൌസ്‌ സെക്രട്ടറി, എത്യോപ്യന്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്‌ടാവ്‌, എത്യോപ്യന്‍ വിദ്യാഭ്യാസ വകുപ്പ്‌ ഉപദേഷ്‌ടാവ്‌, ഡബ്ല്യു. സി. സി. യുടെ എക്യുമിനിക്കല്‍ വിഭാഗം ഡയറക്‌ടര്‍, ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍, ഡബ്ല്യു. സി. സി. പ്രസിഡണ്ട്‌, എന്‍. സി. സി. ചെയര്‍മാന്‍, ഭാരതീയ ദാര്‍ശനിക കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ കരിക്കുലം കമ്മറ്റി ചെയര്‍മാന്‍, വൈദികസംഘം പ്രസിഡണ്ട്‌, ദിവ്യബോധനം ചെയര്‍മാന്‍, സ്റ്റാര്‍ ഓഫ്‌ ദി ഈസ്റ്റ്‌, പുരോഹിതന്‍ എന്നിവയുടെ പത്രാധിപര്‍, സുന്നഹദോസ്‌ സെക്രട്ടറി, ഫെയ്‌ത്ത്‌ ആന്‍ഡ്‌ ഓര്‍ഡര്‍ കമ്മീഷന്‍ അംഗം, കേരള, സെറാമ്പൂര്‍ സെനറ്റ്‌ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ജര്‍മ്മന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, അംഹാരിക്ക്‌, മലയാളം എന്നീ ഭാഷകളില്‍ നിരവധി പ്രബന്ധങ്ങള്‍ രചിച്ചു. കോസ്‌മിക്‌ മാന്‍, ജോയ്‌ ഓഫ്‌ ഫ്രീഡം, സയന്‍സ്‌ ഫോര്‍ സെയ്‌ന്‍ സൊസൈറ്റീസ്‌, ഹ്യൂമന്‍ പ്രസന്‍സ്‌, ഫ്രീഡം ആന്‍ഡ്‌ അതോറിറ്റി തുടങ്ങിയ മുപ്പതിലേറെ വിശ്വ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവ്‌, ചിന്തകന്‍, പണ്ഡിതന്‍, ദാര്‍ശനികന്‍, ദൈവശാസ്‌ത്രജ്ഞന്‍, ബൈബിള്‍ അധ്യാപകന്‍, പ്രഭാഷകന്‍, ജേര്‍ണലിസ്റ്റ്‌, എഴുത്തുകാരന്‍ എന്നിങ്ങനെ തിളക്കമാര്‍ന്ന വ്യക്തിത്വം. 1988–ലെ സോവ്യറ്റ്‌ലാന്‍ഡ്‌ നെഹൃ അവാര്‍ഡ്‌ ഉള്‍പ്പെടെ ഇരുപതോളം രാജ്യാന്തര അവാര്‍ഡുകളും ഒട്ടേറെ ബഹുമതികളും ലഭിച്ചു. ലോകസമാധാന പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കി. സോഫിയാ സെന്റര്‍, ദിവ്യബോധനം പഠന പദ്ധതി, ശ്രുതി സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്‌, കോട്ടയം വൈദിക സെമിനാരിയുടെ പുതിയ കെട്ടിടങ്ങള്‍, തലക്കോട്‌ മാര്‍ ഗ്രീഗോറിയോസ്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ബാലഭവനം, ഐ. ടി. സി. എന്നിവയും ഡല്‍ഹി ഭദ്രാസന കേന്ദ്രവും അദ്ദേഹത്തിന്റെ സംഭാവന.
പ്രമുഖ പൌരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ വേദശാസ്‌ത്രജ്ഞന്‍. റോമ്മന്‍ കത്തോലിക്കാ, ആംഗ്ലിക്കന്‍ സഭകളുമായുള്ള ബന്ധത്തില്‍ മലങ്കരസഭയുടെ വിശ്വാസത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും വന്ന പൌരസ്‌ത്യ ഓര്‍ത്തഡോക്‌സിക്ക്‌ നിരക്കാത്തവയെ വിവേചിച്ചറിയുവാനും വി. കൂദാശകളെയും മറ്റും വ്യാഖ്യാനിക്കുവാനും കഴിഞ്ഞു.
ഡല്‍ഹി ഭദ്രാസനാസ്ഥാനത്തു വച്ച്‌ 1996 നവം. 24–ന്‌ കാലം ചെയ്‌തു. ഭൌതികദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കോട്ടയം വൈദികസെമിനാരിയുടെ വടക്കേമുറിയില്‍ പിറ്റേന്ന്‌ കബറടക്കി.
അന്താരാഷ്‌ട്രതലത്തില്‍ പ്രസിദ്ധീകരിച്ച നിരവധി വിജ്ഞാനകോശങ്ങളിലും ണവീ ശച്ച ംവീ കളിലും അദ്ദേഹത്തിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ സമഗ്ര ജീവചരിത്രം ‘പ്രകാശത്തിലേയ്ക്ക്‌ ഒരു തീര്‍ത്ഥയാത്ര’ എന്ന പേരില്‍ ജോയ്‌സ്‌ തോട്ടയ്ക്കാട്‌ രചിച്ചു.

Website about Dr. Paulos Mar Gregorios

Books by Paulos Mar Gregorios

Leave a Reply

Your email address will not be published. Required fields are marked *