പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ പ്രഥമന്‍ (1740–1816)

Puli II

പാലൂര്‍ ചാട്ടുകുളങ്ങര ആര്‍ത്താറ്റ്‌ ഇടവകയില്‍ കുന്നംകുളം അങ്ങാടിയില്‍ പുലിക്കോട്ടില്‍ ചുമ്മാര്‍–ഏലിശ്‌ബാ ദമ്പതികളുടെ പുത്രന്‍. 1740 നവം. 25–ന്‌ ജനിച്ചു. ഇട്ടൂപ്പ്‌ (ഇട്ടി + യൌസേപ്പ്‌) എന്ന്‌ വിളിക്കപ്പെട്ടു. കുന്നംകുളം തെക്കേക്കര പൈലപ്പന്‍ ആശാന്‍, കാണിപ്പയ്യൂര്‍ നമ്പൂതിരി എന്നിവരില്‍ നിന്ന്‌ സാമാന്യ വിജ്ഞാനവും തച്ചുശാസ്‌ത്രവിദ്യയും പരിശീലിച്ച ഇട്ടൂപ്പ്‌ പഴഞ്ഞി പള്ളിയിലെ മല്‌പാന്‍ പള്ളിക്കൂടത്തില്‍ സുറിയാനി അഭ്യസിച്ചു. വൈദികപഠനകാലത്ത്‌ കുര്‍ബ്ബാനക്രമവും സങ്കീര്‍ത്തനപുസ്‌തകവും സുറിയാനിയില്‍ നിന്ന്‌ പരിഭാഷപ്പെടുത്തി. 1751–ല്‍ മലങ്കരയിലെത്തി കുന്നംകുളം ചിറളയം പള്ളിയില്‍ താമസമാക്കിയ ശാക്രള്ള മഫ്രിയാന ഇട്ടൂപ്പിന്‌ ശെമ്മാശുപട്ടം നല്‍കി. മുളന്തുരുത്തിയിലെ മല്‌പാന്‍ പള്ളിക്കൂടത്തില്‍ ഉപരിപഠനങ്ങള്‍ പരിശീലിച്ചു. ശാക്രള്ള മഫ്രിയാനയില്‍ നിന്ന്‌ (?) കശ്ശീശാസ്ഥാനമേറ്റ നവവൈദികന്‍ കുന്നംകുളം ചിറളയം പള്ളിയില്‍ ഒരു മല്‌പാന്‍ പാഠശാല ക്രമീകരിച്ച്‌ വൈദികവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. അങ്ങനെ ഇട്ടൂപ്പ്‌ മല്‌പാന്‍ ആയി. കാട്ടുമങ്ങാട്ട്‌ കൂറിലോസ്‌ തിരു–കൊച്ചിയില്‍ നിന്ന്‌ നാടുകടത്തപ്പെട്ടപ്പോള്‍ മല്‌പാന്‍ ആ സംഘത്തെ കൂട്ടിക്കൊണ്ടുവന്ന്‌ ആദ്യം കുന്നംകുളത്തും പിന്നീട്‌ തൊഴിയൂരിലും അഭയം കൊടുത്തു. തൊഴിയൂര്‍ പള്ളിയും നാലുകെട്ട്‌ മാതൃകയില്‍ ആസ്ഥാനവും 1774–ല്‍ മല്‌പാന്‍ പണിയിച്ചു.
1789–ല്‍ ടിപ്പു സുല്‍ത്താന്‍ ആര്‍ത്താറ്റ്‌ – പാലൂര്‍ ദേവാലയം അഗ്നിക്കിരയാക്കി. ആളുകളെ മതംമാറ്റത്തിന്‌ നിര്‍ബന്ധിച്ചു. വഴങ്ങാത്തവരെ ആര്‍ത്താറ്റ്‌ വൃക്ഷശിഖരങ്ങളില്‍ തൂക്കിക്കൊന്നു. ആര്‍ത്താറ്റ്‌ നിന്ന്‌ സമീപ പ്രദേശങ്ങളിലേക്ക്‌ സുറിയാനി ക്രിസ്‌ത്യാനികള്‍ ചിതറി ഓടി. മല്‌പാന്‍ അവരെ ധൈര്യപ്പെടുത്തി കുന്നംകുളത്തും പഴഞ്ഞിയിലും യഹൂദ മാതൃകയില്‍ നഗരവും അങ്ങാടിയും സംവിധാനം ചെയ്‌ത്‌ അവിടെ പാര്‍പ്പിക്കുകയും രണ്ടിടത്തും ഉണ്ടായിരുന്ന പള്ളികള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. 1800–ല്‍ കുന്നംകുളം സന്ദര്‍ശിച്ച ഡോ. ഫ്രാന്‍സിസ്‌ ബുക്കാനന്‍, തന്നെ ശിഷ്യസമേതം സന്ദര്‍ശിച്ച അവിവാഹിതനും സസ്യഭുക്കുമായ മല്‌പാനെ കുറിച്ചെഴുതിയിട്ടുണ്ട്‌. വലിയങ്ങാടിയില്‍ പടിഞ്ഞാറും തെക്കും ഉണ്ടായിരുന്ന അന്തിമാളന്‍കാവുകള്‍ മണക്കുളം രാജാവും കൊച്ചിയുടെ ശക്തന്‍തമ്പുരാനും സുറിയാനിക്കാര്‍ക്ക്‌ നല്‍കിയത്‌ മല്‌പാന്‍ സ്വീകരിച്ച്‌ ആരാധനാ സൌകര്യമൊരുക്കി. മേല്‌പുര കത്തി വര്‍ഷങ്ങളോളം തര്‍ക്കത്തിലിരുന്ന ആര്‍ത്താറ്റ്‌ പള്ളി ശക്തന്‍തമ്പുരാന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെ വീണ്ടെടുക്കുകയും പള്ളി പുനര്‍നിര്‍മ്മാണം ചെയ്‌ത്‌ ആരാധനായോഗ്യമാക്കുകയും ചെയ്‌തു.
സ്വാതന്ത്ര്യപ്രേമിയായ മല്‌പാന്‍ ഭആര്‍ത്താറ്റ്‌ പടിയോല’ എന്ന സഭാസ്വാതന്ത്ര്യത്തിന്റെ മാഗ്നാക്കാര്‍ട്ടാ ചെമ്പുതകിടില്‍ വട്ടെഴുത്തില്‍ എഴുതിച്ച്‌ 1806–ല്‍ ആറാം മാര്‍ത്തോമ്മായ്ക്കും ശക്തന്‍ തമ്പുരാനും നല്‌കി. ഡോ. ക്ലോഡിയസ്‌ ബുക്കാനന്റെ ആഗ്രഹപ്രകാരം മല്‌പാനും കായംകുളത്ത്‌ പീലിപ്പോസ്‌ റമ്പാനും ചേര്‍ന്ന്‌ സുറിയാനിയില്‍ നിന്ന്‌ വിവര്‍ത്തനം ചെയ്‌ത മലയാളം ബൈബിള്‍ പ്രസിദ്ധീകരണത്തിന്‌ തയാറാക്കി. ഇതില്‍ പ്രീതനായ ബുക്കാനന്‍ ആര്‍ത്താറ്റ്‌ പള്ളിയില്‍ ഒരു വലിയ സ്വര്‍ണ്ണ പത്താക്ക്‌ സമ്മാനമായി സമര്‍പ്പിച്ചു. 7–ാം മാര്‍ത്തോമ്മായുടെ കാലശേഷം 1809–ല്‍ കണ്ടനാട്‌ പടിയോല അദ്ദേഹം തയ്യാറാക്കിയത്‌ കണ്ടനാട്‌ സുന്നഹദോസ്‌ അംഗീകരിക്കുകയും അദ്ദേഹത്തെ 8–ാം മാര്‍ത്തോമ്മായുടെ രണ്ട്‌ ഉപദേശകരിലൊരാളായി നിയമിച്ചു. 1809 ചിങ്ങം 15–ന്‌ മല്‌പാന്‍ 8–ാം മാര്‍ത്തോമ്മായില്‍ നിന്ന്‌ കണ്ടനാട്‌ തീരുമാനപ്രകാരം റമ്പാന്‍ സ്ഥാനമേറ്റു.


ബ്രിട്ടീഷ്‌ റസിഡണ്ടും തിരുവിതാംകൂര്‍ റാണിയുമായി സൌഹൃദം നേടിയ റമ്പാന്‍ അവരുടെ സഹായത്തോടെ കോട്ടയത്ത്‌ നാലുകെട്ടിന്റെ മാതൃകയില്‍ വൈദികസെമിനാരി നിര്‍മ്മിക്കുകയും 1815–ല്‍ 25 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. റമ്പാന്‍, സ്ഥാപക പ്രിന്‍സിപ്പല്‍ ആയി. റവ. തോമസ്‌ നോര്‍ട്ടനെ അധ്യാപകനായി നിയമിച്ചു. സെമിനാരിപ്പണിക്ക്‌ വട്ടിപ്പണത്തിന്റെ പലിശ സര്‍ക്കാര്‍ റമ്പാന്‌ നല്‍കിയിരുന്നു. ഇതിന്റെ സാങ്കേതിക തടസം പരിഹരിക്കുവാന്‍ റമ്പാന്‍ തന്റെ ആത്മമാതാവായ പഴഞ്ഞിപ്പള്ളിയില്‍ വച്ച്‌ തൊഴിയൂരിന്റെ കിടങ്ങന്‍ ഗീവറുഗീസ്‌ മാര്‍ പീലക്‌സീനോസില്‍ നിന്ന്‌ 1815 മാര്‍ച്ച്‌ 21–ന്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന സ്ഥാനപ്പേരില്‍ മലങ്കര മെത്രാപ്പോലീത്താ ആയി. 1816 ജനുവരി 10–ന്‌ അദ്ദേഹത്തിന്‌ അനുകൂലമായി തിരുവിതാംകൂര്‍–കൊച്ചി രാജാക്കത്താര്‍ രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തി. 8–ാം മാര്‍ത്തോമ്മാ അധികാരത്തില്‍ നിന്ന്‌ ബഹിഷ്‌കൃതനായി. പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ കോട്ടയം പഴയസെമിനാരിയെ വൈദികപരിശീലനകേന്ദ്രത്തോടൊപ്പം മലങ്കര മെത്രാപ്പോലീത്തായുടെ ഔദ്യോഗിക ആസ്ഥാനവും, സഭയുടെ സെക്രട്ടറിയേറ്റും ആക്കിത്തീര്‍ത്തു. സെമിനാരിയുടെ ഭരണത്തിനും കൈവശത്തിനും കേണല്‍ മണ്‍റോയുടെ സഹായത്തോടെ ശ്രമിച്ച മിഷണറിമാര്‍ നിരാശരായി. ബൈബിള്‍ 1811–ല്‍ ബോംബെ കൊറിയര്‍ പ്രസില്‍ അച്ചടിച്ചത്‌ ബുക്കാനന്‍ അയച്ചത്‌ മെത്രാപ്പോലീത്താ എല്ലാ പള്ളികള്‍ക്കുമായി വിതരണം ചെയ്‌തു. ബൈബിള്‍ പഴയനിയമം മുഴുവന്‍ മിഷണറിമാരുടെ ആഗ്രഹപ്രകാരം അദ്ദേഹം വിവര്‍ത്തനം ചെയ്‌തുവെങ്കിലും അത്‌ ഭാഷാശുദ്ധി പോരെന്ന കാരണത്താല്‍ അച്ചടിക്കപ്പെട്ടില്ല. അദ്ദേഹം ആരംഭിച്ച ചാപ്പല്‍ നിര്‍മ്മാണം അദ്ദേഹത്തിന്‌ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല. 8–ാം മാര്‍ത്തോമ്മാ അനധികൃതമായി നിയമിച്ച ഒമ്പതാം മാര്‍ത്തോമ്മായെ സ്ഥാനഭ്രഷ്‌ടനാക്കി സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങി. ഹൈന്ദവക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കും മറ്റും സൌജന്യമായി ഊഴിയവേല ചെയ്യുവാനുള്ള ബാധ്യതയില്‍ നിന്ന്‌ നിയമം മൂലം സുറിയാനിക്കാര്‍ ഒഴിവാക്കപ്പെട്ടതും ഞായറാഴ്‌ച ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ടതും, സര്‍ക്കാര്‍ ഓഫീസുകളില്‍ ആദ്യമായി ക്രിസ്‌ത്യാനികള്‍ക്ക്‌ നിയമനം ലഭിച്ചതും 1816–ല്‍ എല്ലാ സിവില്‍ കോടതികളിലും ഓരോ ക്രിസ്‌ത്യന്‍ ജഡ്‌ജിയെ നിയമിക്കുവാന്‍ ഭരണപരിഷ്‌ക്കാരമേര്‍പ്പെടുത്തിയതും പുലിക്കോട്ടില്‍ മെത്രാപ്പോലീത്താ സര്‍ക്കാരില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിട്ടാണ്‌. 1813–ല്‍ ക്രിസ്‌ത്യാനികളുടെ സ്ഥിതിയെക്കുറിച്ചന്വേഷിക്കുവാന്‍ നിയമിതനായ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന്‌ അന്നുണ്ടായിരുന്ന 52 പള്ളികളോടും ചേര്‍ത്തു ഓരോ സ്‌കൂള്‍ ആരംഭിക്കുവാന്‍ ഉത്തരവുണ്ടായതും ശ്രദ്ധേയമാണ്‌. സന്യാസ വ്രതാനുഷ്‌ഠാനങ്ങളില്‍ അന്ത്യംവരെയും സത്യസന്ധത പുലര്‍ത്തിയ ഇദ്ദേഹം 1816–ല്‍ തന്റെ വികാരി ജനറല്‍ ആയി പുന്നത്ര ജോര്‍ജ്‌ കത്തനാരെ നിയമിച്ചു. പകലോമറ്റം മെത്രാത്താരുടെ കുടുംബവാഴ്‌ച അവസാനിപ്പിച്ച ഈ വിശുദ്ധന്‍ 1816 നവംബര്‍ 24–ന്‌ ദിവംഗതനായി. 25–ന്‌ കോട്ടയം പഴയസെമിനാരി ചാപ്പലില്‍ കബറടക്കി. ഇദ്ദേഹത്തിന്റെ ജീവചരിത്രം ഫാ. ഡോ. ജോസഫ്‌ ചീരന്‍ രചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *