പ. മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ

H H Didymus I

മലങ്കരസഭയുടെ ഏഴാം കാതോലിക്കാ

പ. മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ

പോള്‍ മണലില്‍
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയബാവാ, ആത്മപരിത്യാഗത്തിന്റെ പ്രകാശത്തില്‍ താബോറിന്റെ അവസ്ഥയിലൂടെയാണ്‌ വളര്‍ന്നത്‌. ജീവിതത്തിന്റെ വസന്തങ്ങളില്‍ ദാരിദ്ര്യവും ഉപവാസവും മൌനവും സ്വീകരിക്കാന്‍ വീടുവിട്ടിറങ്ങി. മാവേലിക്കര പുതിയകാവ്‌ പള്ളിയില്‍ സി. എം. തോമസ്‌ റമ്പാനാണ്‌ (പിന്നീട്‌ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്താ) കുഞ്ഞോമ്മാച്ചന്‍ എന്ന സി. ടി. തോമസിനെ 1939–ല്‍ കണ്ടെത്തിയത്‌. പത്തനാപുരത്ത്‌ മൌണ്ട്‌ താബോര്‍ സന്യാസപ്രസ്ഥാനം തുടങ്ങിയ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ പുതിയകാവ്‌ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ വന്നപ്പോള്‍ അഞ്ചാം തുബ്‌ദേന്‍ വായിച്ചത്‌ ചെട്ടികുളങ്ങര ഗവണ്മെന്റ്‌ മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുഞ്ഞോമ്മാച്ചനായിരുന്നു. കുഞ്ഞോമ്മാച്ചന്റെ ഹൃദ്യമായ വായനയില്‍ ആകൃഷ്‌ടനായ അദ്ദേഹം അപ്പനെ വിളിപ്പിച്ചു. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിരാ തോമസിന്റെയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ പുത്രനായ സി. ടി. തോമസിനെ ദയറായിലേക്ക്‌ വേണമെന്ന്‌ ആവശ്യപ്പെട്ടു. മകനെ യാതൊരു വൈമനസ്യവും കൂടാതെ ദൈവവേലയ്ക്കായി പിതാവ്‌ വിട്ടുകൊടുത്തു. അങ്ങനെ പതിനെട്ടാമത്തെ വയസ്സില്‍ പത്തനാപുരം മൌണ്ട്‌ താബോര്‍ ദയറായില്‍ എത്തിയ സി. ടി. തോമസാണ്‌ പിന്നീട്‌ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ ഒന്നാമന്‍ വലിയബാവാ ആയിത്തീര്‍ന്നത്‌.
1921 ഒക്‌ടോബര്‍ 29–നാണ്‌ സി. ടി. തോമസ്‌ ജനിച്ചത്‌. സി. ടി. തോമസിന്റെ പ്രൈമറിസ്‌കൂള്‍ പഠനം പുതിയകാവ്‌ പള്ളിയുടെ പ്രൈമറി സ്‌കൂളിലായിരുന്നു. എല്ലാ ഞായറാഴ്‌ചയും ആരാധനയില്‍ പങ്കെടുക്കുകയും സണ്ടേസ്‌കൂളില്‍ മുടങ്ങാതെ പഠിക്കുകയും ചെയ്‌ത തോമസിന്റെ ബാല്യകാലം പുതിയകാവ്‌ പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്‌ബഹാ ശുശ്രൂഷയ്ക്ക്‌ 1933–ല്‍ പരിശുദ്ധ ബസേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവാ കൈവെയ്‌പു നല്‍കി. സി. ടി. തോമസിന്റെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ മുഖ്യ മാതൃക മാതാപിതാക്കളായിരുന്നു. അവര്‍ പ്രാര്‍ത്ഥനാജീവിതം ഉള്ളവരും ദൈവഭക്തിയുള്ളവരും ആയിരുന്നു.
താബോര്‍ മലയില്‍ യേശുവിനുണ്ടായ രൂപാന്തരീകരണത്തെപ്പറ്റി ഗ്രഹിച്ച തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്താ പത്തനാപുരത്തു സ്ഥാപിച്ച സന്യാസകേന്ദ്രമാണ്‌ മൌണ്ട്‌ താബോര്‍ ദയറാ. ഭമറുരൂപ സമൂഹം’ എന്നര്‍ത്ഥമുള്ള ഭസൊസൈറ്റി ഓഫ്‌ ദ ഓര്‍ഡര്‍ ഓഫ്‌ ദ സേക്രട്ട്‌ ട്രാന്‍സ്‌ഫിഗറേഷന്‍’ എന്ന സന്ന്യാസപ്രസ്ഥാനം ആരംഭിച്ചു.
മൌണ്ട്‌ താബോര്‍ ദയറായില്‍ എത്തിയ സി. ടി. തോമസിന്‌ ഗുരുവിന്റെ കൂടെയുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ പുതിയകാവ്‌ പള്ളിയിലെ മദ്‌ബഹായില്‍ ശുശ്രൂഷയ്ക്ക്‌ കയറിത്തുടങ്ങിയ സി. ടി. തോമസിന്‌ ആരാധനയും നോമ്പും ഉപവാസവും ജീവിതവ്രതമായി. അരക്കെട്ടും തടിക്കുരിശുമായി സന്ന്യാസിയുടെ കുപ്പായം അണിഞ്ഞപ്പോള്‍ പുത്തന്‍ അനുഭവമായി. ഗുരുവായ തോമ്മാ മാര്‍ ദീവന്നാസ്യോസിന്റെ സന്യാസദര്‍ശനങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സി. ടി. തോമസിനു കഴിഞ്ഞു. ക്രിസ്‌തീയ രൂപാന്തരത്തിനുള്ള ജീവിതപരിശീലനമായിരുന്നു തോമ്മാ ദീവന്നാസ്യോസ്‌ ലക്ഷ്യമാക്കിയത്‌.
മൌണ്ട്‌ താബോര്‍ ദയറായില്‍ സന്യാസജീവിതം സി. ടി. തോമസ്‌ പിന്നിട്ടത്‌ കഠിന വ്രതനിഷ്‌ഠയോടാണ്‌. ഗുരുവിന്റെ കൂടെ ദയറായില്‍ സുറിയാനി, സഭാവിശ്വാസ പാഠം, ആരാധനാപരിശീലനം എന്നിവയും ഉണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശിഷ്‌ട പാരമ്പര്യങ്ങളായ നോമ്പ്‌, യാമപ്രാര്‍ത്ഥനകള്‍, ധ്യാനം, വേദപഠനം, സന്യാസജീവിതബോധനം, കായികാദ്ധ്വാനം എന്നിവ പരിശീലിച്ചു. ധ്യാനം, പരിപൂര്‍ണ്ണ മൌനം, മിത ഭാഷണം,  കുമ്പസാരം, ആത്മീയ വായന, കുര്‍ബാനാനുഭവം എന്നിവ ജീവിതവ്രതം പോലെയായി.
ദയറാ ജീവിത പരിശീലനത്തോടൊപ്പം സ്‌കൂള്‍ പഠനവും തുടര്‍ന്നു. തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ 1926–ല്‍ സ്ഥാപിച്ച സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പ്രാരംഭകാലത്ത്‌ ദയറായ്ക്ക്‌ സ്വന്തമായ കെട്ടിടമോ സാമ്പത്തിക ഭദ്രതയോ ഉണ്ടായിരുന്നില്ല. ഓലഷെഡ്ഡായിരുന്നു ദയറാ. പകല്‍ ഓലഷെഡ്ഡിലും രാത്രിയില്‍ സ്‌കൂളിലെ ക്ലാസ്സ്‌ മുറിയിലും ആശ്രമവാസികള്‍ കഴിഞ്ഞു. ജീവിതമാര്‍ഗ്ഗം മുഖ്യമായും കൃഷിയായിരുന്നു. അതിനിടയിലായിരുന്നു സി. ടി. തോമസിന്റെ പഠനവും ദയറാ പരിശീലനവും. ദയറാ അന്തേവാസികള്‍ക്കു ഓരോ ജോലി നിശ്ചയിച്ചു നല്‍കിയിരുന്നു. പശുവിനു പിണ്ണാക്ക്‌ കലക്കി കൊടുക്കുന്ന ഉത്തരവാദിത്തമാണ്‌ സി. ടി. തോമസിനുണ്ടായിരുന്നത്‌. സന്യാസജീവിതത്തിന്റെ തീക്ഷ്‌ണമായ അനുഭവങ്ങളും കഠിനമായ അച്ചടക്കവും ഗുരുവായ തോമ്മാ മാര്‍ ദീവന്നാസ്യോസിന്റെ വചനങ്ങളും സി. എം. തോമസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ദയറാ ജീവിത പരിശീലനത്തിന്റെ പ്രാഥമിക പടിയായി സി. ടി. തോമസ്‌ 1941–ല്‍ ശെമ്മാശ്ശപട്ടം സ്വീകരിച്ചു.
കോളജ്‌ വിദ്യാഭ്യാസത്തിനായി ഇന്റര്‍മീഡിയറ്റിനു കോട്ടയം സി.എം.എസ്‌. കോളജില്‍ ചേര്‍ന്നു. അക്കാലത്ത്‌ പരിശുദ്ധ ഗീവറുഗീസ്‌ ദ്വിതീയന്‍ ബാവായുടെയും പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവായുടെയും കീഴില്‍ പരിശീലനത്തിന്‌ അവസരം ലഭിച്ചു. പരിശുദ്ധ ഔഗേന്‍ ബാവായായിരുന്നു ദിദിമോസ്‌ പ്രഥമന്റെ സുറിയാനി മല്‌പാന്‍.
തമിഴ്‌നാട്ടില്‍ തൃശ്ശിനാപ്പള്ളി നാഷണല്‍ കോളജിലായിരുന്നു ബിരുദപഠനം. അവിടെ ബി.എ. യ്ക്കു ഐച്ഛികം കണക്കായിരുന്നു. തുടര്‍ന്ന്‌ പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സില്‍ പഠിപ്പിക്കാന്‍ തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ നിയോഗിച്ചു. അദ്ധ്യാപകനായപ്പോള്‍ കണക്കു മാത്രമല്ല എല്ലാ വിഷയവും പഠിപ്പിക്കുമായിരുന്നു. ശെമ്മാശ്ശനായിരിക്കുമ്പോഴാണ്‌ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനെത്തിയത്‌. ശെമ്മാശ്ശന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഒരു പ്രെയര്‍ഗ്രൂപ്പ്‌ തുടങ്ങി. പാഠപുസ്‌തകങ്ങളില്‍ നിന്നുള്ള അറിവുകള്‍ക്കു പുറമേ കുട്ടികള്‍ക്ക്‌ മൂല്യബോധം പകരുന്ന കാര്യങ്ങളാണ്‌ പ്രെയര്‍ ഗ്രൂപ്പിലൂടെ പകര്‍ന്നു കൊടുത്തത്‌.
ഹ്രസ്വകാലത്തെ അദ്ധ്യാപനത്തിനു ശേഷം അദ്ദേഹം കാണ്‍പൂര്‍ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ കോളജില്‍ ഉപരിപഠനത്തിനു പോയത്‌ ഇംഗ്ലീഷ്‌ ഐച്ഛികമായെടുത്ത്‌ പഠിക്കാനാണ്‌. സ്‌കൂളില്‍ കണക്കും മറ്റു വിഷയങ്ങളും പഠിപ്പിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ഏറെ ഇഷ്‌ടമായി. എന്നാല്‍ കണക്കില്‍ നിന്ന്‌ അദ്ദേഹം സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചത്‌ അതിന്റെ ഋജുത്വമായിരുന്നു. ആ ഋജുത്വം സംസാരത്തിലാണ്‌ വന്നുചേര്‍ന്നത്‌. ദയറാ പരിശീലനകാലത്ത്‌ രാത്രിയില്‍ പരിപൂര്‍ണ്ണ മൌനവും പകല്‍ മിതമായ മൌനവും പരിശീലിച്ച ദിദിമോസ്‌ പ്രഥമന്റെ ജീവിതശൈലിയുടെ മുഖമുദ്ര ആ ഋജുത്വവും മൌനവുമായിത്തീര്‍ന്നു. ആത്മപരിത്യാഗം ജീവിത വിശുദ്ധിയിലേക്ക്‌ ഉയര്‍ത്തി.
മദ്രാസ്‌ മെസ്റ്റണ്‍ ട്രെയിനിംഗ്‌ കോളജില്‍ നിന്നു ബി.എഡ്‌. സമ്പാദിച്ചിട്ടാണ്‌ അദ്ദേഹം തൃശ്ശിനാപ്പള്ളി പൊന്നയ്യാ ഹൈസ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായെത്തിയത്‌. തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനിയുടെ തമിഴ്‌നാട്‌ മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൊന്നയ്യാ ഹൈസ്‌കൂളില്‍ 1955 മുതല്‍ 1959 വരെ ഫാ. സി. ടി. തോമസ്‌ സേവനമനുഷ്‌ഠിച്ചു. 1961–ല്‍ പത്തനാപുരം സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായി.
സെന്റ്‌ സ്റ്റീഫന്‍സ്‌ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സംഖ്യ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‌ 1962–ല്‍ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി മൌണ്ട്‌ താബോര്‍ ഹൈസ്‌കൂള്‍ തുടങ്ങി. രണ്ട്‌ സ്‌കൂളിലും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും അച്ചടക്കം പരിപാലിക്കുന്നതിനും തോമസച്ചന്‍ വളരെ ശ്രദ്ധിച്ചു. പൊതുവിജ്ഞാനം മാത്രമല്ല പൊതു മര്യാദകളും അസംബ്ലിയില്‍ പഠിപ്പിച്ചു.
തോമ്മാ മാര്‍ ദീവന്നാസ്യോസ്‌ തിരുമേനി 1964–ല്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ സ്ഥാപിച്ചപ്പോള്‍ സി. ടി. തോമസച്ചന്‍ അവിടെ ഇംഗ്ലീഷ്‌ വിഭാഗം മേധാവിയും വൈസ്‌ പ്രിന്‍സിപ്പലുമായി. ആ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുമ്പോഴാണ്‌ മെത്രാന്‍സ്ഥാനമേല്‍ക്കുന്നത്‌.
സന്യാസാര്‍ത്ഥിയായി താബോര്‍ ദയറായിലെത്തിയ സി. ടി. തോമസിനെ പഠിപ്പിച്ചും പരിശീലിപ്പിച്ചും ദീവന്നാസ്യോസ്‌ തിരുമേനി തന്റെ പിന്‍ഗാമിയാക്കുകയാണ്‌ ചെയ്‌തത്‌. സന്യാസ പരിശീലനം പൂര്‍ത്തിയായപ്പോള്‍ ഡീക്കന്‍ സി. ടി. തോമസിന്‌ വൈദികപട്ടം നല്‍കി. 1950 ജനുവരി 26–ന്‌ പത്തനാപുരം താബോര്‍ ദയറാ ചാപ്പലില്‍ വെച്ചായിരുന്നു ശുശ്രൂഷകള്‍ നടന്നത്‌. ശെമ്മാശ്ശപട്ടവും വൈദികപട്ടവും നല്‍കിയത്‌ പരിശുദ്ധ ബസേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായായിരുന്നു. റമ്പാന്‍സ്ഥാനവും മെത്രാന്‍സ്ഥാനവും നല്‍കിയത്‌ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ആയിരുന്നു. റമ്പാന്‍സ്ഥാനം 1965 മെയ്‌ 16–നും മെത്രാന്‍സ്ഥാനം 1966 ആഗസ്റ്റ്‌ 24–നുമാണ്‌ ലഭിച്ചത്‌. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ വെച്ചായിരുന്നു മെത്രാന്‍സ്ഥാനാഭിഷേകം.
മെത്രാന്‍സ്ഥാനം ഏറ്റതിനുശേഷം മലബാര്‍ ഭദ്രാസനത്തിന്റെ സഹായമെത്രാനായിട്ടാണ്‌ 1966 നവംബര്‍ 11–ന്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ മലബാറില്‍ എത്തുന്നത്‌. താബോറിന്റെ മണ്ണില്‍ നിന്നു ലഭിച്ച സന്യാസപരിശീലനവും അച്ചടക്കവും വിശ്വാസസ്ഥിരതയും സഭാതീക്ഷ്‌ണതയുമായിരുന്നു ഭദ്രാസന ഭരണത്തിനെത്തിയപ്പോള്‍ തീമോത്തിയോസ്‌ തിരുമേനിക്കുണ്ടായിരുന്ന കൈമുതല്‍. താബോറില്‍ നിന്ന്‌ മറ്റൊരു മലമുകളില്‍ എത്തിയപ്പോള്‍ തന്റെ ആസ്ഥാനത്തിന്‌ മൌണ്ട്‌ ഹെര്‍മ്മോന്‍ എന്നാണ്‌ പേരിട്ടത്‌. പ്രാര്‍ത്ഥനയിലൂടെയും ധൂപത്തിലൂടെയും തീമോത്തിയോസ്‌ തിരുമേനി മലബാറില്‍ ആദ്ധ്യാത്മിക നവീകരണമുണ്ടാക്കി. മലബാര്‍ ഭദ്രാസനത്തിന്റെ ആധുനിക ശില്‌പിയാണ്‌ ഈ പിതാവ്‌.
1930–കളില്‍ കുടിയേറ്റത്തോടൊപ്പം ധാരാളം ഓര്‍ത്തഡോക്‌സുകാര്‍ മലബാറില്‍ എത്തിയെങ്കിലും 1953–ലാണ്‌ മലബാര്‍ ഭദ്രാസനം രൂപംകൊണ്ടത്‌. അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാറും കര്‍ണ്ണാടകയിലെ ദക്ഷിണ കാനറ, ഇന്നത്തെ തമിഴ്‌നാട്ടിലെ ഗുഡല്ലൂര്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 1953–ല്‍ മലബാര്‍ ഭദ്രാസനം രൂപീകരിച്ചപ്പോള്‍ പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ പ്രഥമ മെത്രാപ്പോലീത്തായായി. പിന്നീട്‌ കേരളം രൂപംകൊണ്ടപ്പോള്‍ അന്നത്തെ മലബാര്‍ പ്രദേശം പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളായി വിഭജിക്കപ്പെട്ടെങ്കിലും ഭദ്രാസന നാമം മലബാര്‍ എന്നു തന്നെ തുടര്‍ന്നു.
പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസിനു ശേഷം മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്താ ആയി തീമോത്തിയോസ്‌ തിരുമേനി സ്ഥാനമേല്‍ക്കുമ്പോള്‍ മലബാറില്‍ 80 പള്ളികളാണ്‌ ഉണ്ടായിരുന്നത്‌. മിക്കവയും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു. അരമനയും ഉണ്ടായിരുന്നില്ല. ഭദ്രാസനത്തിലെ ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു കിടന്നു. ഭദ്രാസനാധിപന്‍ എന്ന നിലയില്‍ തീമോത്തിയോസ്‌ തിരുമേനി ആദ്യം സണ്ടേസ്‌കൂള്‍ പ്രസ്ഥാനം ശക്തിപ്പെടുത്തി. പിന്നീട്‌ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളും സജീവമാക്കി. മര്‍ത്തമറിയം സമാജവും ക്രിയാത്മകമായി പ്രവര്‍ത്തനം തുടങ്ങി. ഇതോടൊപ്പം പുതിയ ഇടവകകള്‍ തുടങ്ങാനും തിരുമേനി പരിശ്രമിച്ചു.
മാര്‍ തീമോത്തിയോസ്‌ മലബാര്‍ ഭദ്രാസനത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ്‌ സഭയില്‍ വീണ്ടും പ്രതിസന്ധികള്‍ തുടങ്ങിയത്‌. അതിന്റെ തിക്താനുഭവം ഏറെ ഉണ്ടായത്‌ മലബാറിലാണ്‌. എന്നാല്‍ തിരുമേനിയുടെ പ്രാര്‍ത്ഥനയും ദൈവവിശ്വാസവും കൊണ്ട്‌ മലബാര്‍ ഭദ്രാസനത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി അവസാനിച്ചു. വൈദികരും അത്മായരും ഒറ്റക്കെട്ടായി തിരുമേനിയുടെ കീഴില്‍ അണിനിരന്നു. 1967–ല്‍ ചാത്തമംഗലത്ത്‌ അരമനയ്ക്കുവേണ്ടി സ്ഥലം വാങ്ങുകയും അരമന പണിയുകയും ചെയ്‌തു. 1974–ല്‍ ചുങ്കത്തറയില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ മലബാറിലെ പ്രധാന ആദ്ധ്യാത്മിക സംഗമങ്ങളില്‍ ഒന്നായി.
മലബാര്‍ ഭദ്രാസനത്തില്‍ തിരുമേനി ആരംഭിച്ച അട്ടപ്പാടി മിഷന്‍ സഭയ്ക്ക്‌ വലിയൊരു മുതല്‍ക്കൂട്ടാണ്‌. എരുമമുണ്ടയില്‍ 1982–ല്‍ ആരംഭിച്ച സെന്റ്‌ തോമസ്‌ ഹോം, 1990–ല്‍ ചേവായൂരില്‍ ആരംഭിച്ച സെന്റ്‌ ഗ്രിഗോറിയോസ്‌ ഗൈഡന്‍സ്‌ സെന്റര്‍ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളും തിരുമേനിയുടെ ഭരണകാലത്ത്‌ ആരംഭിച്ചവയാണ്‌. മെത്രാന്‍സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത്‌ അര്‍ഹരായ 25 പേര്‍ക്ക്‌ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ടായിരുന്നു.


മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി നാലു ദശാബ്‌ദങ്ങള്‍ പ്രവര്‍ത്തിച്ച തീമോത്തിയോസ്‌ തിരുമേനി സഭാംഗങ്ങള്‍ക്ക്‌ നവീനമായ ആദ്ധ്യാത്മിക ചൈതന്യം പകര്‍ന്നു. മലബാര്‍ ഭദ്രാസനത്തില്‍ പിന്‍ഗാമിയായി ഡോ. സഖറിയാ മാര്‍ തെയോഫിലോസിനെ ആശീര്‍വദിച്ചുകൊണ്ടാണ്‌ മലബാറിന്റെ ഈ നല്ല ഇടയന്‍ ദേവലോകത്തേക്ക്‌ വന്നത്‌. നിയുക്ത കാതോലിക്കാ ആയി തോമസ്‌ മാര്‍ തീമോത്തിയോസിനെ പരിശുദ്ധ സുന്നഹദോസ്‌ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട്‌ മലങ്കര അസ്സോസിയേഷന്‍ ഈ പിതാവിനെ ഔദ്യോഗികമായി 1992–ല്‍ പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.
സഭയുടെ സങ്കീര്‍ണ്ണമായ ഘട്ടത്തിലാണ്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ഇരുപതാമത്തെ മലങ്കര മെത്രാപ്പോലീത്താ ആയും ഏഴാമത്‌ പൌരസ്‌ത്യ കാതോലിക്കാ ആയും സ്ഥാനമേറ്റത്‌. 2005 ഒക്‌ടോബര്‍ 29–ന്‌ മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ പരിശുദ്ധ പിതാവ്‌ 2005 ഒക്‌ടോബര്‍ 31–നാണ്‌ പൌരസ്‌ത്യ കാതോലിക്കാ സ്ഥാനമേറ്റത്‌.
അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 2010 ഒക്‌ടോബര്‍ 31–ന്‌ പരിശുദ്ധ പിതാവ്‌ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഒഴിഞ്ഞു. 2010 നവംബര്‍ 1–ന്‌ തന്റെ പിന്‍ഗാമിയായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയനെ വാഴിച്ചതോടെ കാതോലിക്കാസ്ഥാനവും പരിശുദ്ധ പിതാവ്‌ ത്യജിച്ചു. തൊണ്ണൂറാം ജത്തദിനത്തില്‍ സ്വന്തം ഇഷ്‌ടപ്രകാരം സ്ഥാനത്യാഗം ചെയ്‌ത ദിദിമോസ്‌ പ്രഥമനെ 2010 ഒക്‌ടോബര്‍ 29–ന്‌ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ മലങ്കരയുടെ വലിയബാവാ ആയി പ്രഖ്യാപിച്ചു.
മലങ്കരയുടെ അമരക്കാരനെന്ന നിലയില്‍ ദിദിമോസ്‌ പ്രഥമന്‍ വലിയബാവായുടെ സംഭാവനകള്‍ അനവധിയാണ്‌. മലങ്കരസഭയില്‍ സമ്പൂര്‍ണ്ണ ജനാധിപത്യം നടപ്പാക്കാന്‍ വലിയബാവാ നേതൃത്വം നല്‌കി. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ നാലു തവണ മലങ്കര അസ്സോസിയേഷന്‍ വിളിച്ചുകൂട്ടുകയും അതില്‍ ആദ്ധ്യക്ഷം വഹിച്ച്‌ ഒരു തവണ തന്റെ പിന്‍ഗാമിയെയും മറ്റൊരു തവണ കൂട്ടുട്രസ്റ്റികളെയും അടുത്ത രണ്ടു തവണകളിലായി പതിനാല്‌ മെത്രാത്താരെയും തിരഞ്ഞെടുത്തു. മലങ്കര അസ്സോസിയേഷന്‍ തെരഞ്ഞെടുത്ത ഈ പതിനാലു പേര്‍ക്ക്‌ മെത്രാന്‍സ്ഥാനം നല്‍കാനുള്ള ഭാഗ്യവും പരിശുദ്ധ പിതാവിന്‌ ലഭിച്ചു. 2009 ഏപ്രില്‍ 3–ന്‌ വിശുദ്ധ മൂറോന്‍ കൂദാശ ചെയ്‌തു. പള്ളി ഇടവകപ്പൊതുയോഗങ്ങളില്‍ വനിതകള്‍ക്ക്‌ അംഗത്വം നല്‍കിയതും പരിശുദ്ധ ദിദിമോസ്‌ ബാവായുടെ ഭരണകാലത്താണ്‌. മലങ്കര അസ്സോസിയേഷനില്‍ വരണാധികാരിയായി രണ്ടു തവണ ഒരു വനിതയെ നിയമിച്ചതും ദിദിമോസ്‌ ബാവായാണ്‌.
മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിലും പൌരസ്‌ത്യ കാതോലിക്കാ എന്ന നിലയിലും പരിശുദ്ധ പിതാവിന്റെ ഏറ്റവും വിശിഷ്‌ടമായ സംഭാവന സഭയിലെ ആത്മീയ നവോത്ഥാനമാണ്‌. തന്റെ ഭരണകാലത്ത്‌ ദിദിമോസ്‌ ബാവാ സഭാഗാത്രത്തില്‍ ആത്മീയ നവോത്ഥാനത്തിന്റെ നിശ്ശബ്‌ദ അലകളുയര്‍ത്തി. പൌരസ്‌ത്യ സന്യാസിമാരുടെ ജീവിതവും ശൈലിയും അതേപടി ജീവിതത്തില്‍ നടപ്പാക്കിയ പിതാവാണ്‌ ദിദിമോസ്‌ പ്രഥമന്‍ ബാവാ. പ്രാര്‍ത്ഥനയും ഉപവാസവും നോമ്പും ആ ജീവിതക്രമത്തിന്റെ വ്യതിരിക്തതകളായിരുന്നു. സഭയെ രൂപാന്തരപ്പെടുത്താന്‍ വിശ്വാസികള്‍ക്ക്‌ ഈ പുണ്യപിതാവ്‌ ആത്മീയമായ കരുത്തു പകര്‍ന്നു.
സഭാഗാത്രത്തിലേക്ക്‌ ഈ പുണ്യപിതാവ്‌ പകര്‍ന്ന ഊര്‍ജ്ജം മലങ്കരസഭയില്‍ ഒരു ആത്മീയ വിപ്ലവത്തിനു വഴിയൊരുക്കി. പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും മൌനത്തിലൂടെയും ഈ മഹര്‍ഷിവര്യന്‍ സഭയെ ശക്തീകരിച്ചു. പ്രതിസന്ധികളിലും ഭിന്നതകളിലും വ്യവഹാരങ്ങളിലും ഉലഞ്ഞ സഭയെ അചഞ്ചലമായ വിശ്വാസത്തോടെയും ദൈവാശ്രയത്തോടെയും നയിച്ചു.
ആര്‍ത്തിരമ്പുന്ന തിരമാലകളെയും കലങ്ങിമറിയുന്ന സംഘങ്ങളെയും ഒരു സന്യാസിയുടെ നിസ്സംഗതയോടെ സമീപിക്കാനുള്ള ഇച്ഛാശക്തിയാണ്‌ ഈ മഹാത്മാവിന്റെ പ്രത്യേകത. വിശ്വാസ തീക്ഷ്‌ണതയില്‍ കരുപ്പിടിപ്പിച്ചതാണ്‌ ദിദിമോസ്‌ പ്രഥമന്റെ വേദശാസ്‌ത്രം. ക്രിസ്‌തുശിഷ്യനായ ദിദിമോസ്‌ എല്ലാം കണ്ടു വിശ്വസിച്ചെങ്കില്‍ ദിദിമോസ്‌ പ്രഥമന്‍ വലിയബാവാ എല്ലാം അനുദര്‍ശിച്ചും അനുശീലിച്ചും അനുഭവിച്ചും വിശ്വസിച്ചു. കഠിനമായ താപസഭക്തിയില്‍ സ്‌ഫുടം ചെയ്‌ത ആ ജീവിതം മലങ്കരയില്‍ അവതരിപ്പിച്ച ആത്മീയ ലഹരി നിശ്ശബ്‌ദമായ ആത്മീയ വിപ്ലവം തന്നെയായിരുന്നു.
പരുമലപ്പള്ളിയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തിലും സീനിയര്‍ മെത്രാപ്പോലീത്താമാരായ ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, തോമസ്‌ മാര്‍ മക്കാറിയോസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സുന്നഹദോസിന്റെ സഹകാര്‍മ്മികത്വത്തിലുമായിരുന്നു തോമസ്‌ മാര്‍ തീമോത്തിയോസിനെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ എന്ന അഭിനാമത്തില്‍ കാതോലിക്കാ ആയി സ്ഥാനാരോഹണം ചെയ്‌തത്‌.
കൂദാശകളുടെ അനുഷ്‌ഠാനം മുതല്‍ വൈദികരുടെ അച്ചടക്കം വരെയുള്ള കാര്യത്തില്‍ നവീനമായ കാഴ്‌ചപ്പാടോടെ ദിദിമോസ്‌ ബാവാ പ്രവര്‍ത്തിച്ചു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ 2006 ഒക്‌ടോബര്‍ 12–ന്‌ പരുമലയില്‍ വിളിച്ചുകൂട്ടിയ മലങ്കര അസ്സോസിയേഷനില്‍ വച്ചാണ്‌ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ പൌലോസ്‌ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തത്‌. നിയുക്ത കാതോലിക്കായുടെ തിരഞ്ഞെടുപ്പ്‌ കോടതി മുഖേന തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച്‌ അനുകൂലമായ സാഹചര്യം ഉണ്ടായത്‌ പ. ബാവായുടെ പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടു തന്നെയായിരുന്നു. ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ഭരണനിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്ന്‌ നിയുക്ത കാതോലിക്കായുടെ പങ്കാളിത്തവും സഹകരണവും ശക്തമായിരുന്നു.
ദിദിമോസ്‌ ബാവായുടെ ഭരണകാലത്ത്‌ പുതുതായി രൂപംകൊണ്ട മലങ്കര അസ്സോസിയേഷനും മാനേജിംഗ്‌ കമ്മിറ്റിയും നേതൃനിരയിലേക്ക്‌ ഒരു ചെറുപ്പക്കാരനെ കണ്ടെത്തി – സഭയുടെ സെക്രട്ടറിയായി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയൊരു നേതൃനിരയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ദിദിമോസ്‌ ബാവായുടെ ഭരണകാലം അരങ്ങേറിയത്‌. സഭയുടെ വളര്‍ച്ചയുടെ സൂചനയായി എടുത്തു പറയാനുള്ള ഒരു കാര്യം ഭദ്രാസനങ്ങളുടെ വളര്‍ച്ചയാണ്‌. മലങ്കരസഭയ്ക്ക്‌ ഇപ്പോള്‍ മുപ്പതു ഭദ്രാസനങ്ങളാണ്‌ ഉള്ളത്‌. അതില്‍ അഹമ്മദ്‌ബാദ്‌, ബാംഗ്ലൂര്‍, ബ്രഹ്മവാര്‍, അടൂര്‍–കടമ്പനാട്‌, കൊട്ടാരക്കര–പുനലൂര്‍, നിലയ്ക്കല്‍ ഭദ്രാസനങ്ങള്‍ ദിദിമോസ്‌ ബാവായുടെ ഭരണകാലത്ത്‌ രൂപംകൊണ്ടവയാണ്‌. ഭദ്രാസനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ അദ്ധ്യക്ഷനായിരിക്കാനുള്ള മഹാഭാഗ്യവും ദിദിമോസ്‌ ബാവായ്ക്കു ലഭിച്ചു. ദിദിമോസ്‌ പ്രഥമന്‍ ഉള്‍പ്പെടെ മലങ്കരയില്‍ ഇപ്പോള്‍ 32 മെത്രാപ്പോലീത്താമാരുടെ സാന്നിദ്ധ്യമാണുള്ളത്‌.
2009 ഫെബ്രുവരി 19–ന്‌ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍ വെച്ച്‌ ഡോ. ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൌസേബിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവരെയും 2010 മെയ്‌ 12–ന്‌ കോട്ടയം ഏലിയാ കത്തീഡ്രലില്‍ വെച്ച്‌ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, യാക്കോബ്‌ മാര്‍ ഏലിയാസ്‌, ജോഷ്വാ മാര്‍ നിക്കോദിമോസ്‌, ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, ഡോ. ഗീവറുഗീസ്‌ മാര്‍ യൂലിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവരെയുമാണ്‌ ദിദിമോസ്‌ ബാവായുടെ നേതൃത്വത്തിലുള്ള സുന്നഹദോസ്‌ വാഴിച്ചത്‌.
മെത്രാത്താരുടെ തിരഞ്ഞെടുപ്പില്‍ പല കാലത്തും പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിരുന്നെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രതയുള്ള ദിദിമോസ്‌ ബാവായാണ്‌ മെത്രാന്‍ തിരഞ്ഞെടുപ്പിന്‌ വ്യക്തമായ ഒരു മാനദണ്ഡവും പെരുമാറ്റച്ചട്ടവും രൂപീകരിച്ചത്‌. 2009–ല്‍ പാമ്പാക്കുടയിലും 2010–ല്‍ ശാസ്‌താംകോട്ടയിലും നടത്തിയ മലങ്കര അസ്സോസിയേഷനുകളില്‍ ഈ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കി. മെത്രാന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടുപിടിക്കാന്‍ പാടില്ലെന്നും പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ലായെന്നും ഉള്ള പെരുമാറ്റച്ചട്ടങ്ങള്‍ സഭയുടെയും വൈദികരുടെയും അന്തസ്സിനെയും പൊതുവായ അച്ചടക്കത്തെയും മെച്ചപ്പെടുത്താന്‍ ഇടയാക്കി. മലങ്കര അസ്സോസിയേഷനില്‍ പാരമ്പര്യപ്രകാരമുള്ള മലങ്കര മെത്രാന്റെ അംശവസ്‌ത്രം ധരിക്കുന്ന പതിവ്‌ പുനഃസ്ഥാപിച്ചത്‌ ദിദിമോസ്‌ പ്രഥമനാണ്‌.
ദിദിമോസ്‌ പ്രഥമന്റെ ഭരണകാലത്ത്‌ നടന്ന ചരിത്രപ്രധാനമായ ഒരു സംഗമമായിരുന്നു 2008 നവംബര്‍ 16–ന്‌ കോട്ടയം ബസേലിയോസ്‌ കോളജ്‌ ഗ്രൌണ്ടില്‍ നടന്ന കോട്ടയം മഹാസമ്മേളനം. മലങ്കരയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നു പതിനായിരങ്ങള്‍ ഒത്തുകൂടിയ ഈ സമ്മേളനം അന്ത്യോഖ്യന്‍ ഭക്തരുടെ നിയമലംഘനങ്ങളോടും നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തോടും ഉള്ള പ്രതിഷേധം കൂടിയായിരുന്നു. മലങ്കര സഭാമക്കളെ ഉണര്‍ത്തുന്നതിനും സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനും കോട്ടയം സമ്മേളനം പ്രചോദനമായി.
ലോകത്തിലെ വിവിധ ഓര്‍ത്തഡോക്‌സ്‌ സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സാഹോദര്യബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ദിദിമോസ്‌ പ്രഥമന്റെ ഭരണകാലത്ത്‌ അവസരങ്ങളുണ്ടായി. ദിദിമോസ്‌ ബാവായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാത്രിയര്‍ക്കീസ്‌ കിറിള്‍ മെത്രാപ്പോലീത്താ (2006), അര്‍മ്മീനിയന്‍ സുപ്രീംകാതോലിക്കാ കരേക്കിന്‍ രണ്ടാമന്‍ (2008), എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ആബൂനാ പൌലോസ്‌ (2008), സലീഷ്യന്‍ കാതോലിക്കാ ആരാം പ്രഥമന്‍ (2010) എന്നിവര്‍ മലങ്കര സന്ദര്‍ശിച്ചു. സഭകളുടെ ലോകകൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. സാം കോബിയാ (2007) ദേവലോകത്ത്‌ എത്തി ദിദിമോസ്‌ പ്രഥമനെ സന്ദര്‍ശിച്ചു. ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിലെ ഉപ പ്രധാനമന്ത്രി ആര്‍ബാര്‍ഡ്‌ ലിഹാഹ്‌ലയും ദേവലോകത്ത്‌ വന്ന്‌ പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ചു. കോപ്‌റ്റിക്‌ സഭാതലവന്‍ പോപ്പ്‌ ഷെനൌഡാ മൂന്നാമനെ കെയ്‌റോയില്‍ വച്ചും അസീറിയന്‍ പാത്രിയര്‍ക്കീസ്‌ ദിന്‍ഹാ നാലാമനെ ഷിക്കാഗോയില്‍ വച്ചും സന്ദര്‍ശിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുമായുള്ള അഭേദ്യബന്ധത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സൂചനയായി അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കായ്ക്കും സിസിലിയാ കാതോലിക്കാ ആരാം പ്രഥമനും എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ആബൂനാ പൌലോസിനും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ മലങ്കരസഭയുടെ പരമോന്നത ബഹുമതിയായ ഭഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌’ നല്‍കി ആദരിച്ചു.
മലങ്കരസഭയുടെ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ രണ്ടാമനെ ഭസഭാതേജസ്സ്‌’ എന്ന സ്ഥാനനാമം നല്‍കി ആദരിച്ചതും ദിദിമോസ്‌ പ്രഥമനാണ്‌.
ദിദിമോസ്‌ പ്രഥമന്‍ സ്ഥാനമൊഴിഞ്ഞത്‌ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്‌ടിച്ചുകൊണ്ടാണ്‌ – മുന്‍ഗാമിയില്‍ നിന്ന്‌ അഭിഷിക്തനായ ദിദിമോസ്‌ പ്രഥമന്‍ ബാവാ പിന്‍ഗാമിയെ വാഴിച്ചുകൊണ്ടാണ്‌ സ്ഥാനത്യാഗം ചെയ്‌തത്‌. ഒരു സന്യാസിയുടെ നിസ്സംഗതയോടെ, ദിദിമോസ്‌ പ്രഥമന്‍ ബാവാ അധികാരം വിട്ടൊഴിഞ്ഞത്‌ സ്വന്തം ഇഷ്‌ടപ്രകാരമായിരുന്നു. പിന്‍ഗാമിയെ വാഴിക്കാന്‍ പരുമലപ്പള്ളിയില്‍ നടന്ന ശുശ്രൂഷയില്‍ ദിദിമോസ്‌ പ്രഥമന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *