Yuhanon Mar Severios (യൂഹാനോന്‍ മാര്‍ സേവേറിയോസ്‌, 1920–1990)

PAULOS~3

യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ (1920–1990)

പുതുപ്പള്ളി തൃക്കോതമംഗലം നരിമറ്റത്തില്‍ വര്‍ഗ്ഗീസ്‌ അവിരായുടെയും മറിയാമ്മയുടെയും ഇളയപുത്രന്‍. 1920 ജനുവരി 14–ന്‌ ജനിച്ചു. വാകത്താനത്തും പുതുപ്പള്ളിയിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിതൃസഹോദരീപുത്രന്‍ കെ. വി. ഗീവറുഗീസ്‌ റമ്പാനില്‍ നിന്ന്‌ സുറിയാനി ഭാഷയും ഔഗേന്‍ മാര്‍ തീമോത്തിയോസില്‍ നിന്ന്‌ വ്യാകരണവും കാനോനും പഠിച്ചു. മലയാളത്തിലും സുറിയാനിയിലും അനുപമമായ പാണ്ഡിത്യം നേടി. തൃക്കോതമംഗലം ശര്‍ബീല്‍ ദയറായിലും പാമ്പാടി ദയറായിലും ജീവിച്ച്‌ ഭക്തിജീവിതവും സന്യാസനിഷ്‌ഠകളും പരിശീലിച്ചു. 1943 ഏപ്രില്‍ 7–ന്‌ ശെമ്മാശുപട്ടവും ജൂലൈ 7–ന്‌ കശ്ശീശാപട്ടവും ഔഗേന്‍ തീമോത്തിയോസില്‍ നിന്ന്‌ സ്വീകരിച്ചു. പാമ്പാടി ദയറാ, പള്ളം സെഹിയോന്‍, അമയന്നൂര്‍, കാരാട്ട്‌കുന്നേല്‍ എന്നീ പള്ളികള്‍ നടത്തി. ദീര്‍ഘകാലം കോട്ടയം പഴയസെമിനാരിയില്‍ മല്‌പാനായും ഗീവറുഗീസ്‌ ദ്വിതീയന്‍ കാതോലിക്കായുടെ അര്‍ക്കദിയാക്കോന്‍ ആയും പ്രവര്‍ത്തിച്ചു. 1966 ഫെബ്രുവരി 26–ന്‌ റമ്പാനായി. 1966 ആഗസ്റ്റ്‌ 24–ന്‌ കോലഞ്ചേരിയില്‍ വച്ച്‌ ഔഗേന്‍ ബാവാ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1966 ഒക്‌ടോബര്‍ 1–ന്‌ കൊച്ചിയുടെ ചുമതലയേറ്റു.

സെമിനാരി മല്‌പാന്‍, സെമിനാരി ചാപ്ലൈന്‍, മര്‍ത്തമറിയം സമാജം പ്രസിഡണ്ട്‌, ബൈബിള്‍ റിവിഷന്‍ കമ്മിറ്റി അംഗം, സീയോന്‍ സന്ദേശം മാസിക പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1990 വരെ മലങ്കരയില്‍ മെത്രാത്താരായ എല്ലാവരെയും മേല്‌പട്ടസ്ഥാനത്തിന്റെ ഉപരിക്രമങ്ങള്‍ പരിശീലിപ്പിച്ചത്‌ അദ്ദേഹമാണ്‌. കൊച്ചി ഭദ്രാസന ഡയറക്‌ടറിയുടെ പ്രസാധകനാണ്‌.
പ്രവാചകസഹജമായ ഉള്‍ക്കാഴ്‌ചയോടെ അദ്ദേഹം എഴുതിയ ശതക്കണക്കിന്‌ ലേഖനങ്ങള്‍ അദ്ദേഹത്തിന്‌ മലങ്കരയുടെ പ്രവാചകന്‍ എന്നും മലങ്കരയുടെ മഹാമല്‌പാന്‍ എന്നും അംഗീകാരം നല്‍കിയിട്ടുണ്ട്‌. ശുശ്രൂഷാസംവിധാനം എന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്‌ ആരാധനകളില്‍ അദ്ദേഹം നേടിയ ഗവേഷണാത്മകമായ ജ്ഞാനത്തിന്റെ ആഴത്തിന്റെ ശാശ്വത സ്‌മാരകമാണ്‌. കാനോനാ നമസ്‌കാരം, വലിയനോമ്പിലെയും കഷ്‌ടാനുഭവ ആഴ്‌ചയിലെയും മൂന്ന്‌ നോമ്പിലേയും നമസ്‌ക്കാരങ്ങള്‍ എന്നിവ അദ്ദേഹം വിവര്‍ത്തനം ചെയ്‌തു. 1950 മുതല്‍ മലങ്കരയില്‍ നടന്ന മൂറോന്‍ കൂദാശകളിലും മേല്‌പട്ടസ്ഥാനാരോഹണങ്ങളിലും അദ്ദേഹമായിരുന്നു പ്രധാന കാര്‍മ്മികത്താരുടെ പ്രധാന സഹായി. എക്കാറ വിദഗ്‌ധനായ അദ്ദേഹം മദ്‌ബഹായിലെ വീണാനാദം ആയിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം മലങ്കരയുടെ പ്രവാചകന്‍ എന്ന പേരില്‍ ഫാ. ഡോ. ജോസഫ്‌ ചീരന്‍ പ്രസിദ്ധീകരിച്ചു. വഴിത്തിരിവിലെ വെല്ലുവിളികള്‍, ഇത്‌ നിങ്ങള്‍ക്ക്‌ ഏതുമില്ലയോ?, സഭയിലെ പ്രതിസന്ധികള്‍ എന്നിവ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ്‌. അദ്ദേഹം 1990 മെയ്‌ 16–ന്‌ ദിവംഗതനായി. അദ്ദേഹം പുതുക്കിപ്പണിയിച്ച കൊരട്ടി സീയോന്‍ സെമിനാരി ചാപ്പലിന്റെ കബര്‍ മുറിയില്‍ വടക്കേ കബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കൊരട്ടി ആസ്ഥാനത്തെ തെങ്ങിന്‍തോപ്പും തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ സേവേറിയോസ്‌ ഫൌണ്ടേഷനും അദ്ദേഹത്തിന്റെ സ്‌മാരകങ്ങള്‍ ആണ്‌. അദ്ദേഹത്തിന്റെ ഫലിതം ധ്വനിക്കുന്ന വാഗ്മിതയും ധ്യാനപ്രസംഗങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവാചകോചിതമായ നെടുവീര്‍പ്പുകളും പ്രകടനാത്മകത ഒട്ടുമില്ലാത്ത ഭക്തിജീവിതവും ആരാധനയുടെ സജീവതയും അനേകരെ ആവേശംകൊള്ളിച്ചിട്ടുണ്ട്‌. റഷ്യ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

yuhanon_severios

Leave a Reply

Your email address will not be published. Required fields are marked *