അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌

alvares

അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌

റോമ്മന്‍ സഭയില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തിലേക്ക്‌ വന്ന ഗോവ സ്വദേശിയായ വൈദികന്‍. 1887–ല്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസം സ്വീകരിച്ചു. 1889 ജൂലൈ 29–ന്‌ കോട്ടയം പഴയസെമിനാരിയില്‍ വച്ച്‌ കടവില്‍ മാര്‍ അത്താനാസ്യോസ്‌, മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ്‌, പരുമല മാര്‍ ഗ്രീഗോറിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസ്യോസ്‌ ദ്വിതീയന്‍ മേല്‌പട്ടക്കാരനായി വാഴിച്ചു. ഒന്നിലേറെ ഗോവന്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന ഇദ്ദേഹം ഗോവയിലെ പാദ്രുവോദാ ഭരണത്തിനെതിരെ പോരാടിയിരുന്നു. ഈ സമരവും സഭാത്യാഗവും അദ്ദേഹത്തെ കത്തോലിക്കാസഭയുടെ ശത്രുവാക്കി. പല കുറ്റങ്ങളും ആരോപിക്കപ്പെട്ട്‌ തടവിലായി. തടവില്‍വച്ച്‌ 1923 സെപ്‌തം. 23–ന്‌ അദ്ദേഹം നിര്യാതനായി. അവകാശികളും സംരക്ഷകരും ചുമതലക്കാരും ആയി ആരുമില്ല എന്ന അവസ്ഥയില്‍ ഒരു വൈദികന്റെ പോലും സാന്നിധ്യമില്ലാതെ മലങ്കരസഭയുടെ ആ മെത്രാപ്പോലീത്താ പഞ്ചിമിലെ മുനിസിപ്പല്‍ ശ്‌മശാനത്തില്‍ സംസ്‌കരിക്കപ്പെട്ടു. പില്‌ക്കാലത്ത്‌ ബാഹ്യകേരളത്തിന്റെ മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ (മാത്യൂസ്‌ ക കാതോലിക്കാ) മുന്‍ഗാമികളുടെ തെറ്റ്‌ തിരുത്തി. ഇദ്ദേഹത്തിന്റെ കബറിടം കണ്ടുപിടിച്ച്‌ 1981–ല്‍ പഞ്ചിം സെന്റ്‌ മേരീസ്‌ പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷ ക്രമപ്രകാരം നടത്തി ഭൌതികാവശിഷ്‌ടം കബറടക്കി.

1911–ല്‍ വട്ടശ്ശേരില്‍ മെത്രാച്ചനെ അബ്‌ദുള്ളാ ബാവ മുടക്കിയപ്പോള്‍ ആ മുടക്കിനെ അകാരണമെന്ന്‌ സകാരണം സമര്‍ത്ഥിച്ചുകൊണ്ടും മലങ്കര മെത്രാന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പരസ്യകല്‌പന ഇറക്കിയ അദ്ദേഹത്തെ കുപിതനായ പാത്രിയര്‍ക്കീസ്‌ മുടക്കി. മുടക്കിനെ അദ്ദേഹം വകവെച്ചില്ല.
1892–ല്‍ സിലോണില്‍ വച്ച്‌ റിനിവിലാത്തി മാര്‍ തീമോത്തിയോസിനെ വാഴിച്ചപ്പോള്‍ ഇദ്ദേഹം സഹകാര്‍മ്മികനായിരുന്നു. ലത്തീന്‍ ക്രമങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌ ഇദ്ദേഹത്തോടൊപ്പം മലങ്കരസഭയില്‍ ചേര്‍ന്ന കൊങ്കിണി ക്രിസ്‌ത്യാനികള്‍ ബ്രഹ്മവാര്‍, മംഗലാപുരം, ഗോവ, ബോംബെ എന്നീ സ്ഥലങ്ങളിലുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *