മാര്‍ത്തോമ്മാ V (1728–1765)

Marthoma_V

മാര്‍ത്തോമ്മാ V (1728–1765)

പകലോമറ്റം വംശജനായ ഇദ്ദേഹത്തെ നാലാം മാര്‍ത്തോമ്മാ 1728–ല്‍ വാഴിച്ചു. മുന്‍ഗാമിയുടെ മെത്രാന്‍സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഇദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടായി. 1738–ലും 1745–ലും 1746–ലുമായി ഇദ്ദേഹം വിദേശങ്ങളിലേക്കയച്ച മൂന്ന്‌ സുറിയാനി കത്തുകള്‍ 1751–ല്‍ മലങ്കരയിലെത്തിയ വിദേശ സഭാധ്യക്ഷത്താരുടെ പ്രാര്‍ത്ഥനാപുസ്‌തകങ്ങളില്‍ നിന്ന്‌ ഈ ലേഖകന്‍ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ കത്തുകളെ തുടര്‍ന്നാണ്‌ 1751–ല്‍ ശക്രള്ളാ മഫ്രിയാന, മാര്‍ ഗ്രീഗോറിയോസ്‌, മാര്‍ ഈവാനിയോസ്‌ തുടങ്ങിയ മേല്‌പട്ടക്കാരടങ്ങിയ ഒരു സംഘം മലങ്കരയിലെത്തിയത്‌. 5–ാം മാര്‍ത്തോമ്മായ്ക്ക്‌ 12000 രൂപാ കടപ്പെടുത്തിയാണ്‌ ഇവര്‍ ഡച്ച്‌ കപ്പലില്‍ കൊച്ചിയിലെത്തിയത്‌. ഈ തുക കൊടുക്കാനാവാതെ മെത്രാന്‍ ഒളിച്ചുനടന്നു. വന്നവര്‍ തടവിലുമായി. ഒടുവില്‍ ചില പള്ളിക്കാര്‍ പണം നല്‍കി മെത്രാത്താരെ മോചിപ്പിച്ചു. മെത്രാത്താരും അഞ്ചാം മാര്‍ത്തോമ്മായും തമ്മില്‍ അനുരഞ്‌ജനമുണ്ടായില്ല. അദ്ദേഹം കത്തോലിക്കാ സഭാംഗമായിരുന്ന അനന്തിരവനെ 6–ാം മാര്‍ത്തോമ്മാ ആയി 1760–ല്‍ അഭിഷേകം ചെയ്‌തു. ഇക്കാലത്ത്‌ മാര്‍ ഈവാനിയോസ്‌ എന്ന ഒരു വിദേശ മെത്രാന്‍ കേരളത്തിലെത്തി (1739–1751). മഫ്രിയാനയും സംഘവും വന്നതോടെ അദ്ദേഹം സ്വദേശത്തേയ്ക്ക്‌ തിരിച്ചുപോയി. അഞ്ചാം മാര്‍ത്തോമ്മാ 1765 മെയ്‌ 8–ന്‌ അന്തരിച്ചു. നിരണം വലിയപള്ളിയില്‍ കബറടക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *