മാര്‍ത്തോമ്മാ VIII (1809–1816)

Marthoma_VIII

മാര്‍ത്തോമ്മാ VIII (1809–1816)

7–ാം മാര്‍ത്തോമ്മാ പകലോമറ്റം കുടുംബത്തിലെ അവസാനത്തെ മെത്രാന്‍ ആയിരുന്നു. അദ്ദേഹം രോഗശയ്യയില്‍ മരണാസന്നനായി കിടന്നപ്പോള്‍ ദത്ത്‌ മൂലം പകലോമറ്റം കുടുംബത്തിലേക്ക്‌ സ്വീകരിക്കപ്പെട്ട ഒരു വൈദികനെ തല്‌പരകക്ഷികള്‍ 8–ാം മാര്‍ത്തോമ്മാ എന്ന്‌ പ്രഖ്യാപിച്ചു. ചലനമറ്റുകൊണ്ടിരുന്ന 7–ാം മാര്‍ത്തോമ്മായുടെ കൈകള്‍ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ ശുശ്രൂഷകളും കുര്‍ബ്ബാനയും കൂടാതെ മറ്റുള്ളവര്‍ എടുത്തുവച്ചതിനെയാണ്‌ തല്‍പ്പരകക്ഷികള്‍ കൈവെപ്പ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌. ഇത്‌ സഭയില്‍ ഭിന്നതകള്‍ക്കിടയാക്കി. എങ്കിലും 1809 ചിങ്ങം 1–ന്‌ ചേര്‍ന്ന കണ്ടനാട്‌ സുന്നഹദോസ്‌ തയാറാക്കിയ കണ്ടനാട്‌ പടിയോല പ്രകാരം ഭരണം നടത്താമെന്ന്‌ ഉറപ്പുനല്‍കിയതിനാല്‍ സഭ അദ്ദേഹത്തെ ആ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി സ്വീകരിക്കുകയും യോഗതീരുമാനപ്രകാരം 8–ാം മാര്‍ത്തോമ്മായില്‍ നിന്ന്‌ റമ്പാന്‍ സ്ഥാനം സ്വീകരിച്ച കുന്നംകുളം പുലിക്കോട്ടില്‍ ഈട്ടൂപ്പ്‌ റമ്പാനെയും കായംകുളം ഫീലിപ്പോസ്‌ റമ്പാനെയും 8–ാം മാര്‍ത്തോമ്മായുടെ ഉപദേശകരായി നിയമിക്കുകയും ചെയ്‌തു. വട്ടിപ്പണപ്പലിശ പടിയോലയിലെ നിര്‍ദ്ദേശപ്രകാരം വൈദികരുടെ പഠിത്തവീട്‌ പണിയാന്‍ ഉപയോഗിക്കണമെന്ന റമ്പാത്താരുടെ ഉപദേശം 8–ാം മാര്‍ത്തോമ്മാ അവഗണിച്ചത്‌ പ്രശ്‌നകാരണമായി. പ്രശ്‌നങ്ങളില്‍ കേണല്‍ മണ്‍റോ ഇടപെട്ടു. അദ്ദേഹത്തിന്റെ സഹായത്തോടെ ലഭിച്ച വട്ടിപ്പണപ്പലിശയും മറ്റും ഉപയോഗിച്ചു തിരുവിതാംകൂര്‍ റാണി സംഭാവനയായി നല്‍കിയ കോട്ടയത്തെ വിസ്‌തൃത ഭൂമിയില്‍ ഇട്ടൂപ്പ്‌ റമ്പാന്‍ വൈദികസെമിനാരിയുടെ നിര്‍മ്മാണം ആരംഭിച്ചതിന്‌ സഭയുടെ മുഴുവന്‍ പിന്തുണയും ലഭിച്ചു. മെത്രാനല്ലാത്ത ആളെ വട്ടിപ്പണപ്പലിശ ഏല്‌പിച്ചതിനെതിരെ 8–ാം മാര്‍ത്തോമ്മാ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ഇട്ടൂപ്പ്‌ റമ്പാന്‍ മലങ്കര പള്ളിയോഗത്തിന്റെ തെരഞ്ഞെടുപ്പും റസിഡണ്ടിന്റെ ഉപദേശവും അനുസരിച്ച്‌ തൊഴിയൂരിന്റെ കിടങ്ങന്‍ ഗീവര്‍ഗ്ഗീസ്‌ പീലക്‌സിനോസില്‍ നിന്ന്‌ പഴഞ്ഞി പള്ളിയില്‍ വച്ച്‌ മാര്‍ ദീവന്നാസ്യോസ്‌ എന്ന പേരില്‍ മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനം പ്രാപിച്ചു. ഇതിനെതിരെ 8–ാം മാര്‍ത്തോമ്മാ സര്‍ക്കാരിലേക്ക്‌ നല്‍കിയ പരാതികളൊന്നും ഫലപ്രാപ്‌തിയിലെത്തിയില്ല. പരിത്യക്തനും നിരാശനുമായ 8–ാം മാര്‍ത്തോമ്മാ വൃദ്ധനായ ചിറ്റപ്പനെ – ഐപ്പ്‌ കശ്ശീശായെ – 9–ാം മാര്‍ത്തോമ്മാ എന്ന പേരില്‍ അനധികൃതമായി വാഴിച്ചു. 1816 ജനുവരി 22–ന്‌ നിര്യാതനായി; പുത്തന്‍കാവ്‌ പള്ളിയില്‍ കബറടക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കാലത്ത്‌ കോട്ടയം വൈദികസെമിനാരി പ്രവര്‍ത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *